ബകു: ഐക്യരാഷ്ട്രസഭയുടെ 29ാമത് വാർഷിക കാലാവസ്ഥ ഉച്ചകോടി (സി.ഒ.പി 29) അസർബൈജാൻ തലസ്ഥാനമായ ബകുവില്‍ ആരംഭിച്ചു.
യു.എസ് അടക്കം ശക്തരായ പല രാജ്യങ്ങളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ലെന്നാണ് റിപ്പോർട്ട്. കാർബണ്‍ പുറന്തള്ളി ഏറ്റവും കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന 13 രാജ്യങ്ങളാണ് ഉച്ചകോടിയില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. ഇന്ത്യയുടെയും ഇന്തോനേഷ്യയുടെയും രാഷ്ട്രത്തലവന്മാരും പങ്കെടുക്കുന്നില്ല.
2035ഓടെ മലിനീകരണം 81 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം
ലോകത്ത് ഏറ്റവും കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന യു.എസും ചൈനയും ഫ്രാൻസുമൊന്നും ഉച്ചകോടിക്കെത്തിയിട്ടില്ലെന്ന് ബെലാറസ് പ്രസിഡന്‍റ് അലക്സാണ്ടർ ലുകാഷെങ്കോ പ്രസംഗത്തില്‍ തുറന്നടിച്ചു. അതേസമയം, 2035ഓടെ മലിനീകരണം 81 ശതമാനം കുറയ്ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഉച്ചകോടിയില്‍ പ്രഖ്യാപിച്ചു.
ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിവസത്തിനും മാസങ്ങള്‍ക്കും വർഷത്തിനുമാണ് ലോകം സാക്ഷ്യം വഹിച്ചതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു