റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാല്‍പ്പത്തിയേഴാമത്തെ അമേരിക്കൻ പ്രസിഡന്‍റ് ആരെന്ന് ഇന്ന് (6.11.2024) അറിയാം

November 6, 2024 - 5:33 am

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് 2024 നവംബർ 5ന് നടന്നത്. നാല്‍പ്പത്തിയേഴാമത്തെ അമേരിക്കൻ പ്രസിഡന്‍റ് ആരെന്ന് നവംബർ 6 ന് അറിയാം. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ കമല ഹാരിസും (60) റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡോണള്‍ഡ് ട്രംപും (78) തമ്മില്‍ ഇഞ്ചോ‌ടിഞ്ച് പോരാട്ടമാണ് അരങ്ങേറിയത്.

ഇന്ത്യൻ സമയം നവംബർ 6ന് രാവിലെ വിജയിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കും

.ഇന്ത്യൻ സമയം നവംബർ 5ന് വൈകുന്നേരം നാലരയോടെയാണ് പോളിംഗ് ആരംഭിച്ചത്. ന്യൂ ഹാംപ്ഷയറിലെ ഡിക്സ്വില്‍ നോച്ചിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. ഇവിടത്തെ ആറ് വോട്ടുകളില്‍ മൂന്നു വീതം ട്രംപിനും കമലയ്ക്കും ലഭിച്ചു. ഡോണള്‍ഡ് ട്രംപ് ഫ്ളോറിഡയില്‍ വോട്ട് രേഖപ്പെടുത്തി.ഇന്ത്യൻ സമയം നവംബർ 6ന് രാവിലെ വിജയിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കും. ടെക്സസ് പോലുള്ള സംസ്ഥാനങ്ങളില്‍ കനത്ത മഴയെ അവഗണിച്ചും നൂറുകണക്കിനു പേരാണ് വോട്ട് ചെയ്യാനെത്തിയത്. പല സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചതും അവസാനിച്ചതും വ്യത്യസ്ത സമയങ്ങളിലായിരുന്നു.

538 ഇലക്‌ടറല്‍ കോളജ് വോട്ടില്‍ 270 വോട്ട് നേടുന്നയാള്‍ വൈറ്റ് ഹൗസിലെത്തും. കമല ജയിച്ചാല്‍ അമേരിക്കൻ പ്രസിഡന്‍റാകുന്ന ആദ്യ വനിത, ഏഷ്യൻ വംശജ എന്നീ ബഹുമതികള്‍ സ്വന്തമാക്കും. ട്രംപ് ജയിച്ചാല്‍, 127 വർഷത്തിനു ശേഷം തുടർച്ചയായി അല്ലാതെ യുഎസ് പ്രസിഡന്‍റായ ആള്‍ എന്ന ഖ്യാതി സ്വന്തമാകും. രണ്ടു തവണയും വനിതകളെ പരാജയപ്പെടുത്തി പ്രസിഡന്‍റായ ആള്‍ എന്ന റിക്കാർഡും ട്രംപ് നേടും

ഏഴു ചാഞ്ചാട്ട സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുക.

50 സംസ്ഥാനങ്ങളാണ് അമേരിക്കയിലുള്ളത്. ഡെമോക്രാറ്റുകളുടെ കോട്ടയായ കലിഫോർണിയയിലാണ് ഏറ്റവും കൂടുതല്‍ ഇലക്‌ടറല്‍ കോളജ് വോട്ട്-54.ഏഴു ചാഞ്ചാട്ട സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുക. പെൻസില്‍വേനിയ, നോർത്ത് കരോളൈന, ജോർജിയ, മിഷിഗണ്‍, അരിസോണ, വിസ്കോണ്‍സിൻ, നെവാഡ എന്നിവയാണ് ചാഞ്ചാട്ട സംസ്ഥാനങ്ങള്‍. ഡോണള്‍ഡ് ട്രംപും കമല ഹാരിസും തിങ്കളാഴ്ച രാത്രി പെൻസില്‍വേനിയയില്‍ ഏറെ സമയം പ്രചാരണം നടത്തിയിരുന്നു. ഇവിടെ അഞ്ചു വീതം പൊതുസമ്മേളനങ്ങളില്‍ ഇരുവരും പങ്കെടുത്തു.

8.2 കോടിയിലധികം പേര്‍ ഏര്‍ളി വോട്ടിംഗ് ഉപയോഗപ്പെടുത്തി.

ജനപ്രതിനിധി സഭയിലെ മുഴുവൻ സീറ്റുകളിലേക്കും (435) സെനറ്റിലെ 34 സീറ്റിലേക്കും ഇന്നലെ തെരഞ്ഞെടുപ്പ് നടന്നു. ഇതുകൂടാതെ 11 സംസ്ഥാനങ്ങളിലെ ഗവർണർ തെരഞ്ഞെടുപ്പും നവംബർ 5 ന് പൂർത്തിയായി. മുൻകൂർ വോട്ട് ചെയ്യാനുള്ള സൗകര്യം (ഏര്‍ളി വോട്ടിംഗ്) ഏതാണ്ട് 8.2 കോടിയിലധികം പേര്‍ ഉപയോഗപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *