.തിരുവനന്തപുരം:കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഇനി വാട്‌സാപ്പിലൂടെയും പരാതി സ്വീകരിക്കുമെന്ന് ചെയർമാൻ അഡ്വ. എ എ റഷീദ് അറിയിച്ചു. 9746515133 എന്ന വാട്ട്‌സാപ്പ് നമ്പറിലൂടെയാണ് പരാതി സ്വീകരിക്കുന്നത്.കേരളപ്പിറവി ദിനത്തില്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് നിർവഹിക്കും. ഇപ്പോള്‍ നേരിട്ടും ഇ- മെയില്‍, തപാല്‍ മുഖേനയും പരാതികള്‍ സ്വീകരിക്കുന്നുണ്ട്. ഇതിന് പുറമെയാണ് വാട്സാപ്പിലൂടെയും സ്വീകരിക്കാൻ തീരുമാനിച്ചത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു കമ്മീഷൻ വാട്ട്‌സ് ആപ്പിലൂടെ പരാതി സ്വീകരിക്കുന്നത്
പരാതികള്‍ എത്രയും വേഗം സൗകര്യപ്രദമായി അയക്കാനുള്ള ജനകീയ ഇടപെടലാണ് പുതിയ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അഡ്വ. എ എ റഷീദ് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കമ്മീഷനില്‍ വാട്ട്‌സ് ആപ്പിലൂടെ പരാതി സ്വീകരിക്കാനുള്ള സംവിധാനം ഒരുങ്ങുന്നത്. വാട്ട്‌സ് ആപ്പ് മുഖേന പരാതി സ്വീകരിക്കുന്നത് വഴി സംസ്ഥാനത്തെ നാല്‍പ്പത്തിയാറ് ശതമാനം വരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് ഞൊടിയിടയില്‍ കമ്മീഷനെ സമീപിക്കുന്നതിനും പരാതികള്‍ സമർപ്പിക്കുന്നതിനും അവരുടെ ആകുലതകള്‍ക്കും ആവലാതികള്‍ക്കും വേഗത്തില്‍ പരിഹാരം കാണുന്നതിനും കഴിയും.