കൊച്ചി: തുടർച്ചയായി കേരളത്തില്‍ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഓരോ പ്രദേശത്തിനും സുരക്ഷിതവും അനുയോജ്യവുമായ പാർപ്പിടനയം നടപ്പിലാക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. സംസ്ഥാന ഭവനനിർമ്മാണ ബോർഡിന്റെ നേതൃത്വത്തില്‍ സർക്കാരിന്റെ നൂറുദിനകർമ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നിർമിക്കുന്ന തൃക്കാക്കര സാറ്റലൈറ്റ് ടൗണ്‍ഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ 22ന് ഓൺലൈനില്‍ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിർമാണ സാമഗ്രികളുടെ ശാസ്ത്രീയപഠനം നടത്തും
കേരളത്തിലെ ഓരോ പ്രദേശത്തും ഉപയോഗിക്കേണ്ട നിർമാണ സാമഗ്രികളുടെ ശാസ്ത്രീയപഠനം നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഹൗസിംഗ് ബോർഡ് ചെയർമാൻ ടി.വി. ബാലൻ അദ്ധ്യക്ഷനായി. ബോർഡ് മെമ്പർ ഷാജി കാഞ്ഞമല, ഹൗസിംഗ് ബോർഡ് ടെക്‌നിക്കല്‍ മെമ്പർ വി. ഉണ്ണിക്കൃഷ്ണൻ, ആർ.ജെ.ഡി ജില്ല പ്രസിഡന്റ് അഷറഫ് ചെങ്ങമനാട്, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് പൗലോസ് മുടക്കുംതല, ഐ.എൻ.എല്‍ ജില്ല പ്രസിഡന്റ് മുഹമ്മദ് നജീബ്, റീജിയണല്‍ എൻജിനിയർ ടി.ആർ. മഞ്ജുള, എറണാകുളം ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ എസ്. രതീഷ് എന്നിവർ പ്രസംഗിച്ചു.

