ബെയ്റൂത്: ലബനാനിൽ അധിനിവേശം വ്യാപിപ്പിച്ച് ഇസ്രായേല്‍. ദക്ഷിണ ലബനാനില്‍ 2024 ഒക്ടോബർ 8 ചൊവ്വാഴ്ച ഒരു ഡിവിഷൻ സൈന്യത്തെകൂടി വിന്യസിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു. ഹിസ്ബുല്ല കേന്ദ്രങ്ങളെന്ന പേരില്‍ ബൈറൂത്തില്‍ വ്യാപക വ്യോമാക്രമണത്തിനൊപ്പ മാണ് അധികമായി കരസേനയെ അയച്ചത്.
ഗസ്സയിൽ മരണസംഖ്യ 42,010 ആയി
അതിനിടെ, സിറിയൻ തലസ്ഥാന നഗരമായ ഡമസ്കസിലെ ഇറാൻ എംബസിക്ക് സമീപത്തും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. വടക്കൻ ഇസ്രായേല്‍ നഗരമായ കിരിയാത് ശമൂനയില്‍ ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തില്‍ രണ്ടുപേർ കൊല്ലപ്പെട്ടു. ലബനാനില്‍ ഇതിനകം 2100 ലേറെ പേർ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വടക്കൻ ഗസ്സയില്‍ കൂട്ട കുടിയൊഴിപ്പിക്കല്‍ നാലുലക്ഷം പേരെ പുതുതായി അഭയാർഥികളാക്കിയതിന് പിറകെയാണ് ഗസ്സയിലെ കുരുതിയുടെ കണക്ക് 42,000 പിന്നിട്ടത്. 24 മണിക്കൂറിനിടെ 45 പേർകൂടി കൊല്ലപ്പെട്ടതോടെ സ്ഥിരീകരിച്ച മരണസംഖ്യ 42,010 ആയി. 97,720 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാണാതായ 10,000ലേറെ പേരില്‍ ഏറെയും കെട്ടിടാവശിഷ്ടങ്ങളില്‍ വീണ്ടെടുക്കാനാവാത്ത വിധം ജീവൻ പൊലിഞ്ഞവരാണ്.
വ്യാപക കുടിയൊഴിപ്പിക്കൽ തുടരുന്നു.
ഗസ്സയിലുടനീളം കനത്ത ബോംബിങ്ങിനൊപ്പം വടക്കൻ ഗസ്സയില്‍ കരസേന നീക്കവും തുടരുകയാണ്. ലബനാനില്‍ ആക്രമണം വ്യാപിപ്പിക്കുന്നതിനെതിരെ യു.എസും യു.എന്നും കടുത്ത മുന്നറിയിപ്പ് നല്‍കിയത് അവഗണിച്ചാണ് വീണ്ടും സൈനികരെ കൂട്ടമായി എത്തിച്ചത്. ഇസ്രായേലിന്റെ വടക്കൻ അതിർത്തി വഴി നിരവധി ലബനാൻ ഗ്രാമങ്ങളില്‍ ഇസ്രായേല്‍ സൈന്യം കടന്നുകയറിയെന്നും റിപ്പോർട്ടുണ്ട്. ഇവിടങ്ങളില്‍ വ്യാപക കുടിയൊഴിപ്പിക്കലും തുടരുകയാണ്.
വടക്കൻ ഇസ്രായേലിലെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹിസ്ബുല്ല ആക്രമണം തുടരുകയാണ്.
ഡമസ്കസിലെ മെസ്സീഹില്‍ ഇറാൻ ഉദ്യോഗസ്ഥർ താമസിച്ചതെന്ന് കരുതുന്ന കെട്ടിടങ്ങളിലാണ് മൂന്ന് ഇസ്രായേല്‍ മിസൈലുകള്‍ പതിച്ചത്. ഗോലാൻ കുന്നുകളില്‍നിന്നായിരുന്നു മിസൈല്‍ വർഷം. സ്ത്രീകളും കുട്ടികളുമടക്കം ഏഴുപേർ മരിക്കുകയും 11 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ സ്വന്തം പൗരന്മാരില്ലെന്ന് ഇറാൻ അറിയിച്ചു. അതിനിടെ, വടക്കൻ ഇസ്രായേലിലെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹിസ്ബുല്ല ആക്രമണം തുടരുകയാണ്.

