റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോകകപ്പ് യോഗ്യത റൗണ്ട്

September 8, 2023 - 6:40 pm

മെസി ഗോളില്‍ അര്‍ജന്റീന;
കൊളംബിയക്കും ജയം

ബ്യൂനസ് അയേഴ്‌സ്: 2026 ലോകകപ്പിനുള്ള തെക്കേഅമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഇക്വഡോറിനെതിരേ അര്‍ജന്റീനയ്ക്ക് ഏകഗോള്‍ ജയം. 77-ാം മിനുട്ടില്‍ ഇതിഹാസതാരം ലിയൊണല്‍ മെസിയുടെ സുന്ദരമായ ഫ്രീകിക്ക് ഗോളിലാണ് നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന നാട്ടില്‍ വിജയത്തുടക്കമിട്ടത്.
കളിയുടെ തുടക്കം മുതല്‍ അര്‍ജന്റീന ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ കണ്ടെത്താന്‍ അവര്‍ക്കായില്ല. 71 ശതമാനം സമയവും പന്ത് അര്‍ജന്റീനയുടെ കാലുകളില്‍ ആയിരുന്നു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ലൗട്ടേരോ മാര്‍ട്ടിനസ് ചെത്തിയിട്ട പന്ത് പോസ്റ്റില്‍ തട്ടിത്തെറിച്ചു. 57-ാം മിനുട്ടില്‍ ടാഗ്ലിയാഫിക്കോ ബോക്‌സിനു പുറത്തുനിന്ന് തൊടുത്ത കനപ്പെട്ട ഒരു ഷോട്ട് ബാറിലുരുമ്മി പുറത്തേക്കുപോയി.
78-ാം മിനുട്ടില്‍ ബോക്‌സിനു തൊട്ടുപുറത്ത് മധ്യഭാഗത്തായി ലഭിച്ച ഫ്രീകിക്ക് ആണ് അര്‍ജന്റീനയ്ക്കു മൂന്നു പോയിന്റ് സമ്മാനിച്ചത്. മെസി ടെറിട്ടറിയില്‍ ഫ്രീകിക്ക് വഴങ്ങിയപ്പോള്‍ ഇക്വഡോര്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചു. പ്രതിരോധമതിലിനു മുകളിലൂടെ കറങ്ങിക്കയറിയ മെസിയുടെ ഫ്രീകിക്ക് ഇക്വഡോര്‍ വലയുടെ വലതു മൂലയില്‍ താഴ്ന്നിറങ്ങി.
സെപ്റ്റംബര്‍ 12ന് ബൊളീവിയക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.
മറ്റൊരു മത്സരത്തില്‍ കൊളംബിയ ഏകപക്ഷീയമായ ഒരു ഗോളിന് വെനസ്വെലയെ കീഴടക്കി. രണ്ടാം പകുതിയുടെ ആദ്യ മിനുട്ടില്‍ റാഫേല്‍ സാന്റോസ് ബോറേയാണ് ഗോള്‍ നേടിയത്. പരാഗ്വെയും പെറുവും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. 45-ാം മിനുട്ടില്‍ ലൂയിസ് അഡ്വിന്‍കുല ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ രണ്ടാം പകുതി പൂര്‍ണമായും പെറു 10 പേരുമായാണ് കളിച്ചത്. എന്നിട്ടും ആനുകൂല്യം മുതലാക്കാന്‍ പരാഗ്വെയ്ക്ക് കഴിഞ്ഞില്ല.
മുന്‍ ചാമ്പ്യന്‍മാരായ ബ്രസീല്‍ ഹോം മത്സരത്തില്‍ ഇന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6.15ന് ബൊളീവിയയെ നേരിടും. ഉറുഗ്വായ്-ചിലി സൂപ്പര്‍ പോരാട്ടം ഇന്നു പുലര്‍ച്ചെ 4.30ന്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *