തിരുവനന്തപുരം: കളക്കാട് മുണ്ടന്തുറ ടൈഗർ റിസർവിലെ തന്റെ പുതിയ വാസസ്ഥലത്ത് അരിക്കൊമ്പൻ സുഖമായി ജീവിക്കുന്നെന്ന് തമിഴ്നാട് വനംവകുപ്പ്.
കാട്ടുകൊമ്പൻ ഇപ്പോൾ ഒറ്റയാനല്ലെന്നും ആനക്കൂട്ടത്തിലെ പുതിയ അംഗമായെന്നും വനംവകുപ്പ് വ്യക്തമാക്കുന്നു. തമിഴ്നാട് വനംവകുപ്പിന്റെ ഗ്രൗണ്ട് ടീം ആനയുടെ ആരോഗ്യവും ക്ഷേമവും നോക്കുന്നുണ്ടെന്നും കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ഫീൽഡ് ഡയറക്ടർ കളക്കാട് മുണ്ടന്തുറ ടൈഗർ റിസർവ് (കെഎംടിആർ) ചൊവ്വാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചു. അരിക്കൊമ്പന്റെ പുതിയ ചിത്രവും വനംവകുപ്പ് പുറത്തുവിട്ടു.
ആന ഇപ്പോൾ അപ്പർ കോതയാറിലാണ് ഉള്ളതെന്ന് വനം വകുപ്പ് പറയുന്നു. ഓഗസ്റ്റ് 19നും 20നും ഇവിടെ പരിശോധന നടത്തിയിരുന്നു. ആരോഗ്യവാനായ അരിക്കൊമ്പൻ ഉന്മേഷത്തോടെയാണ് സഞ്ചരിക്കുന്നത്. ആനയുടെ സഞ്ചാര ദിശ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ പരിശോധിച്ച് രേഖപ്പെടുത്തുന്നുണ്ട്. ആനയ്ക്ക് തൊട്ടടുത്ത് കാട്ടാനക്കൂട്ടവും ഉണ്ട്. കടുവാ സങ്കേതത്തിൽ തുറന്നുവിട്ട് 75 ദിവസമായെന്നും, പുതിയ കുടുംബത്തിൽ ആന സന്തുഷ്ടനാണെന്നാണ് വ്യക്തമാകുന്നതെന്നും വനം വകുപ്പ് അറിയിച്ചു.

