സ്പെഷ്യൽ റിപ്പോര്‍ട്ട്
ശ്രുതി ലാൽ

അങ്കതട്ടിലെ പുതുപ്പള്ളി

August 17, 2023 - 12:37 pm

പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചൂടില്‍.പഴുതടച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്ന ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇടത്-വലത് പാര്‍ട്ടികള്‍. ഇരു പാര്‍ട്ടിയിലെയും ചെറുപ്പക്കാര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ പ്രചാരണത്തിന്റെ മുന്‍പന്തിയിലുണ്ടാകുമെന്നാണ് വിവരം.

തൃക്കാക്കര മോഡലുമായി കോണ്‍ഗ്രസ്

തൃക്കാക്കര മോഡല്‍ പ്രചാരണ തന്ത്രമാണ് പുതുപ്പള്ളിയിലും യുഡിഎഫ് ആസൂത്രണം ചെയ്യുന്നത്. പ്രചാരണത്തിന്റെ തലപ്പത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തൊട്ടുതാഴെ ഇടതും വലതുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫും, ഇങ്ങനെയാണ് യുഡിഎഫിന്റെ പുതുപ്പള്ളി പ്രചാരണത്തിന്റെ ഒന്നാം പേജ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാനാണ് വി ഡിയുടെ സാന്നിധ്യം. മണ്ഡലമറിഞ്ഞുള്ള ചരടുവലിക്ക് പുതുപ്പള്ളിയെ രണ്ടായി പകുത്താണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫിനും ചുമതല നല്‍കിയിരിക്കുന്നത്. ഇരുവരും പുതുപ്പള്ളിയുടെ മണ്ണറിയുന്ന നേതാക്കളാണ്.
വി ഡി സതീശനൊപ്പം മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫിനുമാണ് മണ്ഡലത്തിന്റെ ചുമതല. എട്ട് ജനറല്‍ സെക്രട്ടറിമാര്‍ക്കാണ് എട്ടു പഞ്ചായത്തുകളുടെ ചുമതല നല്‍കിയിരിക്കുന്നത്. എട്ട് എം എല്‍ എമാര്‍ക്കും എംപിമാര്‍ക്കും അധിക ചുമതലയും നല്‍കിയിട്ടുണ്ട്. കോട്ടയം ഡി സി സി ഭാരവാഹികള്‍ക്കു പഞ്ചായത്തിന്റെ ചുമതല നല്‍കിയിട്ടുണ്ട്.ജനറല്‍ സെക്രട്ടറി കെ ജയന്തിനും ജ്യോതികുമാര്‍ ചാമക്കാലക്കുമാണ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ചുമതല. നേതാക്കളുടെ പരിപാടികള്‍ ഇവരാണ് ഏകോപിപ്പിക്കുക. പുതുപ്പള്ളിയില്‍ യു ഡി എഫ് പ്രചാരണം ഏകോപിപ്പിക്കുന്നതിനു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യും

എല്‍ഡിഎഫ് തന്ത്രങ്ങള്‍

എല്‍ ഡി എഫ് പ്രചാരണ തന്ത്രങ്ങള്‍ക്ക് തൃക്കാക്കരയില്‍ നിന്നു പാഠം ഉള്‍ക്കൊണ്ടുള്ള പദ്ധതികളാണു തയ്യാറാക്കുന്നത്.ഭരണ സംവിധാനത്തിന്റെ ദുരുപയോഗ മുണ്ടായി എന്ന ആരോപണം ഒഴിവാക്കുകയാണു പ്രധാനം. മന്ത്രിമാരും ഒരേ സമയം കൂട്ടത്തോടെ മണ്ഡലത്തില്‍ വിന്യസിക്കില്ല.കോട്ടയം ജില്ലയിലെ പാര്‍ട്ടി സംവിധാനത്തെ പൂര്‍ണമായി മണ്ഡലത്തില്‍ കേന്ദ്രീകരിപ്പിക്കുകയാണ് പുതുപ്പള്ളിയിലെ തന്ത്രം.
മണ്ഡലത്തില്‍ താമസിക്കുന്ന മന്ത്രി വി എന്‍ വാസവന്‍ മണ്ഡലത്തില്‍ കേന്ദ്രീകരിച്ചു നില്‍ക്കും. സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നു പി കെ ബിജുവിനും കെ കെ ജയചന്ദ്രനുമാണ് ചുമതല. പഞ്ചായത്തുകളില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും ചുമതലയുണ്ടാവും.

നേതാക്കളെത്തും

മുഖ്യമന്ത്രി രണ്ടു പ്രധാനകേന്ദ്രങ്ങളില്‍ പ്രസംഗിച്ചു വികസന ചര്‍ച്ചകള്‍ക്കു ശക്തി പകരും. തുടര്‍ന്നു ജനപ്രതിനിധികളെ പങ്കെടുപ്പിച്ചു വികസന സന്ദേശ യാത്ര നയിക്കാന്‍ തോമസ് ഐസക് എത്തും. ആഗസ്റ്റ് 22ന് ആയിരം വനിതകളെ പങ്കെടുപ്പിച്ചുള്ള വനിതാ അസംബ്ലിക്ക് പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി എത്തുന്നുണ്ട്. ഓരോ നൂറ് വോട്ടര്‍മാരിലും കണ്ണുവച്ചുള്ള പഴുതടച്ച പ്രവര്‍ത്തനത്തിലൂടെ സഹതാപ തരംഗത്തെ മറികടക്കുന്നതാണ് എല്‍ ഡി എഫ് തന്ത്രം.

വോട്ട് ഉയര്‍ത്താന്‍ ബിജെപി

ബി ജെ പി വോട്ടുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണു മുന്നോട്ടു പോകുന്നത്. മിത്തി വിവാദവും മാസപ്പടിയും മണ്ഡലത്തില്‍ ചര്‍ച്ചയാക്കുമെന്നു പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

Share
Kreate@gmail.com'

Leave a Reply

Your email address will not be published. Required fields are marked *