ബംഗളൂരു: ഭാര്യ നിരന്തരമായി ഇരുണ്ട നിറത്തെച്ചൊല്ലി അധിക്ഷേപിക്കുന്നതിനാൽ വിവാഹമോചനം നൽകണമെന്നാവശ്യപ്പെട്ട് സമീപിച്ച 44കാരന് വിവാഹമോചനം അനുവദിച്ച് കർണാടക ഹൈക്കോടതി. ഇരുണ്ട നിറത്തെച്ചൊല്ലി അപമാനിക്കുന്നത് ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ബംഗളൂരുവിൽ നിന്നുള്ള 44കാരനാണ് 41 വയസ്സുള്ള ഭാര്യ നിരന്തരമായി ഇരുണ്ട നിറത്തെച്ചൊല്ലി അപമാനിക്കുന്നുവെന്നതിനാൽ വിവാഹമോചനം ആവശ്യപ്പെട്ടത്.
ഇതാണ
2007ലാണ് ഇരുവരും വിവാഹിതരായത്. ഇരുവർക്കും ഒരു മകളുമുണ്ട്. 2012ലാണ് ഭാര്യ നിരന്തരമായി അപമാനിക്കുന്നുവെന്നും കാരണമില്ലാതെ വീട്ടിൽ നിന്ന് മാറി താമസിക്കുകയാണെന്നും കുട്ടിയുടെ നന്മയെക്കരുതി അപമാനങ്ങൾ സഹിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി ഇയാൾ ബംഗളൂരു കുടുംബകോടതിയെ സമീപിച്ചത്. എന്നാൽ ഇതു തെറ്റാണെന്നും ഭർത്താവും വീട്ടുകാരും തന്നെ നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്നും സ്ത്രീധനം ആവശ്യപ്പെട്ടുവെന്നും ഭർത്താവിന് അവിഹിത ബന്ധം ഉണ്ടെന്നും അതിൽ മറ്റൊരു കുട്ടിയുണ്ടെന്നും ആരോപിച്ച് ഭാര്യയും പരാതി നൽകി. വാദങ്ങൾക്കൊടുവിൽ 2017ൽ കുടുംബകോടതി വിവാഹമോചന ഹർജി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. ഭർത്താവിന് അവിഹിത ബന്ധമുണ്ടെന്ന ഭാര്യയുടെ പരാതി വ്യാജമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ഹിന്ദു വിവാഹ നിയമം സെക്ഷൻ 13(i)(എ) പ്രകാരം വിവാഹമോചനം അനുവദിച്ചത്. ജസ്റ്റിസ്മാരായ അലോക് അരാധേ, അനന്ത് രാമനാഥ് ഹെഗ്ഡെ എന്നിവരാണ് ഡിവിഷൻ ബെഞ്ചിലുണ്ടായിരുന്നത്.



