റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇംഫാൽ: മണിപ്പൂരിലെ സംഘർഷം ശമിപ്പിക്കാനായി കൂടുതൽ സൈനികരെ അയച്ച് കേന്ദ്ര സർക്കാർ. അർധ സൈനിക വിഭാഗത്തിൽ നിന്ന് പത്ത് കമ്പനികളിലായി 900 സൈനികരെയാണ് കൂടുതലായി സംസ്ഥാനത്തേക്ക് അയച്ചിരിക്കുന്നത്. ശനിയാഴ്ച വിവിധയിടങ്ങളിലുണ്ടായ സംഘർഷങ്ങളിൽ ആറു പേരാണ് കൊല്ലപ്പെട്ടത്. പലയിടങ്ങളിലും ബോംബ്, ഗ്രനേഡ് ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ബിഷ്ണുപുർ ജില്ലയിലെ ക്വാക്തയിൽ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. ബിഷ്ണുപുരിലെ ഇന്ത്യ റിസർവ് ബറ്റാലിയന്‍റെ ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് കവർന്ന ആയുധങ്ങളാണ് പലയിടങ്ങളിലും അക്രമകാരികൾ ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേ സമയം സംസ്ഥാനത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് അടിയന്തര നിയമസഭാ യോഗം വിളിച്ചു കൂട്ടാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാരിനെ ബഹിഷ്കരിക്കുമെന്ന് ഇംഫാലിലെ സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുടെ കൂട്ടായ്മയായ മണിപ്പൂർ ഇന്‍റഗ്രിറ്റി കോർഡിനേറ്റിങ് കമ്മിറ്റി അറിയിച്ചു. രാജ്യവ്യാകപമായി വിമർശനമുയരുമ്പോഴും സംഘർഷം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചിട്ടില്ല. ശനിയാഴ്ച വൈകിട്ട് ഇംഫാലിലെ ലങ്കോൽ ഗെയിംസ് ഗ്രാമത്തിലുണ്ടായ സംഘർഷത്തിൽ 15 വീടുകൾക്കാണ് തീയിട്ടത്. ആൾക്കൂട്ടം അക്രമാസക്തരായതിനെത്തുടർന്ന് സൈനികർ നിരവധി തവണ ആകാശത്തേക്ക് വെടിയുതിർത്തു. ഞായറാഴ്ചയോടെ സ്ഥിതിഗതികളിൽ നേരിയ പുരോഗതിയുണ്ടെങ്കിലും നിയന്ത്രണങ്ങളിൽ ഇളവു നൽകിയിട്ടില്ല. ചെക്കോൺ മേഖലയിലും നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് തീയിട്ടതായി റിപ്പോർട്ടുകളുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *