കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ മാനനഷ്ട കേസ് നൽകി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പോക്സോ കേസിൽ തനിക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടാണ് പരാതി. എറണാകുളം സിജെഎം കോടതിയിൽ നേരിട്ടെത്തിയാണ് സുധാകരൻ പരാതി നൽകിയത്. എം.വി. ഗോവിന്ദൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. വിദ്യ, ദേശാഭിമാനി പത്രം എന്നിവരെ കക്ഷി ചേർത്താണ് കേസ്.
ഇതിൽ കൂടുതൽ തന്നെ അപമാനിക്കാനില്ലെന്ന് കെ.സുധാകാരൻ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ പോലൊരാൾ കേൾക്കാൻ ആഗ്രഹിക്കാത്ത ഒരിക്കലും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കാത്ത കേസിലാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്.മനസാ വാചാ അറിയാത്ത കാര്യമാണ് പ്രചരിപ്പിച്ചത്. ഏത് കാര്യവും കൃത്യമായി ഫോളോ ചെയ്യുന്ന ആളാണ് താൻ. ക്രിമിനൽ അപകീർത്തി കേസായതിനാലാണ് നേരിട്ട് കോടതിയിൽ ഹാജരായതെന്നും കെ. സുധാകരൻ പറഞ്ഞു.
മോൻസൻ മാവുങ്കൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് അവിടെ സുധാകരൻ ഉണ്ടായിരുന്നെന്ന് വാർത്തകളുണ്ടായിന്നു എന്നായിരുന്നു ഗോവിന്ദന്‍റെ പ്രതികരണം. മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിലെ കൂട്ടു പ്രതിയാണ് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെന്നായിരുന്നു എം.വി. ഗോവിന്ദന്‍റെ ആരോപണം. താൻ പീഡിപ്പിക്കപ്പെടുമ്പോൾ കെ. സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്നും അതിജീവിത മൊഴി നൽകിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഒരു പത്രത്തിൽ വാർത്ത വന്നിട്ടുണ്ടെന്ന് സൂചിപ്പിച്ചാണ് കെ. സുധാകരനെതിരെ എം.വി. ഗോവിന്ദൻ ആരോപണം ഉന്നയിച്ചത്.

