റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശോഭിക്കുന്ന ഭരണാധികാരിയെന്നു തെളിയിച്ച നേതാവ്

July 24, 2023 - 8:15 pm

തിരുവനന്തപുരം: ശോഭിക്കുന്ന ഭരണാധികാരിയെന്നു കേരളത്തിനു മുന്നിൽ തെളിയിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയ്യൻകാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അമുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗാവസ്ഥയിലും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താനാണ് ഉമ്മൻ ചാണ്ടി ശ്രമിച്ചിട്ടുള്ളത്. താനും അദ്ദേഹവും 1970 ലാണ് നിയമസഭയിലേക്കെത്തുന്നത്. അന്നു മുതൽ 53 വർഷം തുടർച്ചയായി പുതുപ്പള്ളിയെ പ്രതിനിധീകരിച്ച നേതാവെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. പാർലമെന്‍ററി പ്രവർത്തനത്തിൽ ഇത് റെക്കോർഡാണ്. ഒന്നിച്ചാണെത്തിയതെങ്കിലും തനിക്ക് തുടർച്ചയായി നിയമസഭയിലെ അംഗമായി പ്രവർത്തിക്കാൻ സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യാനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. രണ്ടു തവണ മുഖ്യമന്ത്രിയായപ്പോഴും അദ്ദേഹത്തിന്‍റെ വിപുലമായ പരിജ്ഞാനം വലിയ തോതിൽ ശക്തിപകർന്നു. അദ്ദേഹത്തിനു ലഭിച്ച സ്വീകാര്യത നേതൃശേഷിയുടെ പ്രത്യേകതയാണ്. യുഡിഎഫിന്‍റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഉമ്മൻചാണ്ടി മാറി. രോഗാവസ്ഥയിലും തളരാതെ പിടിച്ചു നിന്ന ശക്തനായ നേതാവാണ് അദ്ദേഹം.

രോഗവസ്ഥയിൽ ഒരു ചടങ്ങിനിടെ കണ്ടുമുട്ടിയപ്പോൾ ആരോഗ്യവിവരങ്ങളെക്കുറിച്ച് അന്വേഷിച്ച കാര്യവും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു. ചികിത്സക്കിടെ അദ്ദേഹത്തെ കണ്ടപ്പോൾ പഴയതിനെക്കാൽ പ്രസരിപ്പും ഉന്മേഷവും കണ്ടു. നല്ല മാറ്റമാണല്ലോ വന്നിരിക്കുന്നതെന്നു താൻ ചോദിച്ചു. അദ്ദേഹം ചികിത്സിച്ച ഡോക്‌ടറുടെ പേരു പറഞ്ഞിരുന്നു. ശേഷം താൻ ഡോക്‌ടറെ വിളിച്ച് അഭിനന്ദിച്ചു. ചികിത്സയുടെ ഭാഗമായി താൻ പറയുന്നത് അദ്ദേഹം അനുസരിക്കുമോ എന്നറിയില്ലെന്നും വിശ്രമിക്കാൻ അദ്ദേഹം തയാറല്ലെന്നുമാണ് ഡോക്‌ടർ പറഞ്ഞത്. വിശ്രമം അദ്ദേഹത്തിന്‍റെ കൂടപ്പിറപ്പല്ല. പാർട്ടിയുടെ ചലിക്കുന്ന നേതാവായിരുന്നു. രോഗാവസ്ഥയിലും പാർട്ടിയെ ശക്തിപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്. ഈ വിയോഗം യുഡിഎഫിന് കനത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *