തൃശൂർ: തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി ഓട്ടുപാറയിലെ പ്രമുഖ ജ്വല്ലറിയിൽനിന്നും സ്വർണ്ണം വാങ്ങാനെന്ന വ്യാജേന കുട്ടിയുമായി വന്ന് മാല മോഷ്ടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് അത്തിപ്പറ്റ ചിറക്കോട് സുജിത (30) യാണ് പിടിയിലായത്.ഓൺലൈൻ ഗെയിം കളിച്ച് നഷ്ടപ്പെട്ട പണം തിരിച്ച് പിടിക്കാനായാണ് യുവതി മോഷണത്തിന് ഇറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. ജ്വല്ലറിയിലെത്തിയ യുവതി ഒരു മാല തെരഞ്ഞെടുത്തു. പിന്നീട് ഈ മാലയുടെ ബില്ല് തയാറാക്കാൻ ഇപ്പോൾ വരാമെന്ന് പറഞ്ഞ് പുറത്ത് പോയി. യുവതി തിരികെ വരാതിരുന്നതിനെ തുടർന്ന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ആറ് ഗ്രാം തൂക്കംവരുന്ന സ്വർണ്ണ മാല കാണാതായായി മനസിലാകുന്നത്.
മാല കാണാതായതോടെ ജ്വല്ലറി മാനേജരുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ജ്വല്ലറിയിലെയും പ്രദേശത്തേയും സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കുറ്റകൃത്യം നടത്തിയത് 20നും 30നും മധ്യേ പ്രായം തോന്നിക്കുന്ന സ്ത്രീയാണെന്നും നാലു വയസ് പ്രായം തോന്നിക്കുന്ന ഒരാൺകുട്ടി ഇവരുടെ കൂടെയുണ്ടായിരുന്നുവെന്നും തിരിച്ചറിഞ്ഞു. തുടർന്ന് നിരവധി സി.സി.ടിവി കാമറകൾ പരിശോധിച്ചാണ് പ്രതി സുജി തന്നെയാണെന്ന് പൊലീസ് കൃത്യത വരുത്തിയത്.
ചെറുതുരുത്തി സ്വദേശിയെ വിവാഹം കഴിച്ച് ഭർത്താവും മകനുമൊന്നിച്ച് നല്ലരീതിയിൽ ജീവിച്ചുവരവെ മൊബൈൽ ഫോണിൽ ഓൺലൈൻ ലൂഡോ കളിച്ച് നഷ്ടപ്പെട്ട പണം സ്വരൂപിക്കാനാണ് പ്രതി മോഷണം നടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ തൃശൂർ വടക്കേ ബസ്സ്റ്റാൻഡിലെ ഒരു ജ്വല്ലറിയിലും വാണിയംകുളം ബസ് സ്റ്റോപ്പിനടുത്തുള്ള ഒരു ജ്വല്ലറിയിലും ഒറ്റപ്പാലം ബസ് സ്റ്റാൻഡിനടുത്തുളള ഒരു ജ്വല്ലറിയിൽനിന്നും ആലത്തൂരിലെ ഒരു ജൂവലറിയിൽനിന്നും സമാന രീതിയിലുള്ള മോഷണം നടത്തിയിട്ടുള്ളതായും മോഷണം നടത്തിയ മാലകൾ പട്ടാമ്പി ബസ് സ്റ്റാൻഡിനടുത്തുള്ള ജ്വല്ലറിയിൽ വിൽപ്പന നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി.
തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.സ്റ്റേഷൻ എസ്.എച്ച്.ഒ. മാധവൻകുട്ടി കെയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർ അനുരാജ് ടി.സി, എ.എസ്.ഐ. ഹുസൈനാർ, എസ്.സി.പി.ഒമാരായ സജീവ്, സിംസൺ, പ്രസാദ്, ഗീത, ബിസ്മിത, സി.പി.ഒ. പ്രവീൺ എന്നിവരും ഉണ്ടായിരുന്നു.

