കൊച്ചി: കേരളത്തിന്റെ സ്വന്തം കപ്പലും ക്യാപ്റ്റനും 50 ജീവനക്കാരും ആഴക്കടലിൽ അപ്രത്യക്ഷമായിട്ട് 44 വർഷങ്ങൾ പിന്നിടുമ്പോഴും കൈരളിക്ക് എന്ത് സംഭവിച്ചുവെന്ന് സൂചന പോലുമില്ല. കേരളത്തിന്റെയല്ല, ഇന്ത്യയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ കപ്പൽ യാത്രയായിരുന്നു എം.വി. കൈരളിയുടേത്. ഒരു എണ്ണപ്പാടപോലും ബാക്കിവെക്കാതെ കേരളത്തിന്റെ സ്വന്തം കൈരളി അറബിക്കടലിൽ അപ്രത്യക്ഷമായി.1979 ജൂൺ 30-ന് മർമ്മഗോവയിൽനിന്ന് 20,538 ടൺ ഇരുമ്പയിരുമായി കിഴക്കൻ ജർമ്മനിയിലെ റോസ്‌റ്റോക്കിലേക്കായിരുന്നു കൈരളിയുടെ അവസാനത്തെ യാത്ര.
കോട്ടയം സ്വദേശി മരിയദാസ് ജോസഫ് ആയിരുന്നു കപ്പലിന്റെ ക്യാപ്റ്റൻ. എറണാകുളം സ്വദേശി അബി മത്തായി ചീഫ് എൻജിനീയറും മലപ്പുറം സ്വദേശി ബേബി സെബാസ്റ്റിയൻ റേഡിയോ ഓഫീസറുമായ കപ്പലിൽ 23 മലയാളികളുൾപ്പെടെ 51 പേരുണ്ടായിരുന്നു. പല കപ്പലുകളിലും പ്രവർത്തിച്ച് അനുഭവപരിചയവും വൈദഗ്ധ്യവും നേടിയ നാവികനായിരുന്നു ക്യാപ്റ്റൻ മരിയദാസ് ജോസഫ്. അറബിക്കടലിലെ തിരമാലകൾക്ക് മുകളിലൂടെ എം.വി. കൈരളി മുന്നോട്ട്കുതിച്ചു. നാല് ദിവസംകൊണ്ട് യാത്ര പുറപ്പെട്ട മർമ്മഗോവയിൽ നിന്ന് 500 മൈലിലേറെ ദൂരം കപ്പൽ പിന്നിട്ടു.
നോർവെയിൽ നിർമ്മിച്ച സാഗ സോഡ് (Saga sword ) എന്ന കപ്പലാണ് പിന്നീട് എം.വി. കൈരളിയെന്ന കേരളത്തിന്റെ സ്വന്തം കപ്പലായത്. 1967-ൽ നീറ്റിലിറക്കിയ കപ്പൽ 1976 ഫെബ്രുവരി 14-ന് കേരള സ്റ്റേറ്റ് ഷിപ്പിംഗ് കോർപ്പറേഷൻ അന്നത്തെ പൊന്നുംവിലയായ 5.81 കോടി രൂപക്ക് വാങ്ങുകയായിരുന്നു. 1976 മുതൽ 1979 വരെ മൂന്ന് വർഷക്കാലം ചരക്കുകളുമായി കൈരളി ലോകത്തുടനീളം സഞ്ചരിച്ചു.
1979 ജൂലായ് മൂന്നിന് രാത്രി എട്ട് മണിക്ക് ശേഷം കപ്പലിൽനിന്ന് റേഡിയോ സന്ദേശങ്ങളൊന്നും ലഭിക്കാതെയായി. എൻജിൻ മുറിയിൽ ഒരു ബോയ്‌ലർ ഫീഡ് പൈപ്പ് പൊട്ടിപ്പോയെന്നും താത്ക്കാലികമായി റിപ്പയർ ചെയ്‌തെന്നുമാണ് ക്യാപ്റ്റൻ മരിയദാസ് ജോസഫ് കപ്പലിൽനിന്ന് അയച്ച അവസാന സന്ദേശം. യാത്രക്കിടെ ജൂലൈ എട്ടിന് ആഫ്രിക്കൻ തീരമായ ജിബൂത്തിയിൽ നിന്നായിരുന്നു കൈരളിയിൽ ഇന്ധനം നിറക്കേണ്ടിയിരുന്നത്. ജൂലൈ പതിനൊന്നായിട്ടും കൈരളി തങ്ങളുടെ തീരത്തെത്തിയിട്ടില്ലെന്ന് ജിബൂത്തിയിലെ ഷിപ്പിങ് ഏജന്റ് അറിയിച്ചതോടെയാണ് കപ്പൽ മുങ്ങിയതായി കേരള ഷിപ്പിങ് കോർപ്പറേഷൻ തിരിച്ചറിയുന്നത്. ജൂലൈ 15-ന് കേരളത്തിലെ പത്രങ്ങളിൽ എം.വി കൈരളിയെ കാണാനില്ലെന്ന വാർത്തകൾ നിറഞ്ഞു.
മലയാളക്കര ഇളകിമറിഞ്ഞു. അന്വേഷണങ്ങളും ചോദ്യങ്ങളുമായി ജീവനക്കാരുടെ ബന്ധുക്കൾ ഷിപ്പിങ് കോർപ്പറേഷനെ സമീപിച്ചു. കാര്യമായ മറുപടികളൊന്നും ഷിപ്പിങ് കോർപ്പറേഷന് നൽകാനുണ്ടായിരുന്നില്ല. സൂപ്പർസോണിക്ക് വിമാനങ്ങളും യുദ്ധകപ്പലുകളുമുപയോഗിച്ച് തിരച്ചിൽ പുരോഗമിക്കുകയാണ്.. വിവരങ്ങളൊന്നും കിട്ടിയില്ല… പ്രതീക്ഷയോടെ കാത്തിരിക്കുക… ഇത് മാത്രമായിരുന്നു ഷിപ്പിങ് കോർപ്പറേഷന് പറയാനുണ്ടായിരുന്നത്. എന്നാൽ, കപ്പൽ അപ്രത്യക്ഷമായി പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് തിരിച്ചിൽ ആരംഭിച്ചതെന്നതുൾപ്പടെയുള്ള ആരോപണങ്ങളുയർന്നു. സന്ദേശങ്ങൾ ലഭിക്കാതിരുന്ന ഉടൻ അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിൽ അവശിഷ്ടങ്ങളെങ്കിലും കണ്ടെത്താൻ പറ്റുമായിരുന്നുവെന്നും കോർപ്പറേഷന്റെ അനാസ്ഥയാണ് അന്വേഷണം വൈകിച്ചതെന്നും ജീവനക്കാരുടെ ബന്ധുക്കളും മാധ്യമങ്ങളും ആരോപിച്ചു. ദിവസങ്ങളോളം തിരഞ്ഞിട്ടും കപ്പലിനെയോ അവശിഷ്ടങ്ങളോ കണ്ടെത്താനായില്ല. യെമനിലെ സെക്കോത്ര ദ്വീപിന് സമീപത്ത് കൂടി കൈരളിയോട് സാമ്യമുള്ള ഒരു കപ്പൽ പോകുന്നത് കണ്ടു എന്ന വിവരം മാത്രമായിരുന്നു ആകെ ലഭിച്ച തുമ്പ്. ആ വഴിയിലുള്ള അന്വേഷണങ്ങളും എങ്ങുമെത്തിയില്ല.
കൈരളി മുങ്ങിയിട്ടില്ലെന്ന് ജോർജ് ഡാനിയൽ
പ്രിയപ്പെട്ടവർക്ക് വേണ്ടിയുള്ള കപ്പലിലെ ജീവനക്കാരുടെ ബന്ധുക്കളുടെ വിലാപങ്ങൾക്ക് മറുപടി നൽകാൻ ആരുമുണ്ടായില്ല. സമ്മർദ്ദങ്ങൾക്കൊടുവിൽ അന്വേഷണങ്ങൾക്കായി ഒരു കമ്മറ്റിയെ നിയോഗിക്കാൻ ഷിപ്പിങ് കോർപ്പറേഷൻ തയ്യാറായി. കൊച്ചിയിലെ മർക്കന്റയിൽ മറൈൻ ഡിപ്പാർട്ടുമെന്റിലെ സർവേയർ ഇൻ ചാർജ് കെ.ആർ. ലക്ഷ്മണ അയ്യരും പ്രൊഫസർ ബാബു ജോസഫുമായിരുന്നു അന്വേഷണ സമിതി അംഗങ്ങൾ. കൂറ്റൻ തിരമാലകളിൽപ്പെട്ട് ചരക്കുകൾ സ്ഥാനം തെറ്റി കപ്പൽ തകർന്ന് മുങ്ങിയിരിക്കാമെന്നും കടൽക്കൊള്ളക്കാർ തട്ടിയെടുത്തിരിക്കാമെന്നുമെല്ലാമുള്ള നിഗമനങ്ങളിലായിരുന്നു സമിതിയെത്തിയത്. കപ്പലുമായി ബന്ധം നഷ്ടപ്പെട്ടയുടൻ തന്നെ അന്വേഷണം ആരംഭിക്കാതിരുന്ന ഷിപ്പിങ് കോർപ്പറേഷനെതിരെ റിപ്പോർട്ടിൽ പരമാർശങ്ങളുണ്ടായിരുന്നു. കപ്പലിന്റെ റഡാർ കേടായിരുന്നെന്നും യാത്ര മാറ്റിവെക്കണമെന്ന് ക്യാപ്റ്റൻ അഭ്യർഥിച്ചിരുന്നുവെന്നും എന്നാൽ, ഷിപ്പിങ് കോർപ്പറേഷനിലെ ചില ഉദ്യോഗസ്ഥരുടെ നിർബന്ധത്തിന് വഴങ്ങിയാണ് അന്നുതന്നെ യാത്ര പുറപ്പെട്ടതെന്നും വാർത്തകൾ പുറത്തുവന്നു.
ഇതിനിടയിലാണ് കപ്പൽ കണ്ടെത്തിക്കൊടുക്കാമെന്ന വാഗ്ദാനവുമായി കുവൈത്ത് ആസ്ഥാനമായുള്ള ‘പാൻ അറബ് ഷിപ്പിങ് ആന്റ് ട്രാൻസ്‌പോർട്ടിങ് കോർപ്പറേഷ’ന്റെ മാനേജിങ് ഡയറക്ടർ ജോർജ് ഡാനിയൽ രംഗത്തെത്തുന്നത്. കപ്പൽ മുങ്ങിയിട്ടില്ലെന്നും തന്റെ കമ്പനി കണ്ടുപിടിച്ചു തരാമെന്നുമായിരുന്നു ജോർജ് ഡാനിയലിന്റെ വാഗ്ദാനം. കണ്ടുപിടിച്ചുതന്നാൽ മാത്രം 2.8 ലക്ഷം പ്രതിഫലം തരണമെന്നും ജോർജ് ഡാനിയൽ ഷിപ്പിങ് കോർപ്പറേഷന് സന്ദേശമച്ചു. പഴയ കപ്പലുകൾ പൊളിക്കുന്ന കമ്പനിയായിരുന്നു പാൻ അറബ്. എന്നാൽ ഈ വാഗ്ദാനത്തോട് പ്രതികരിക്കാൻ ഷിപ്പിങ് കോർപ്പറേഷൻ തയ്യാറായില്ലെന്ന് കപ്പൽ അന്വേഷണ കമ്മീഷൻ അംഗം പ്രൊഫസർ ബാബു ജോസഫ് പിന്നീട് തന്റെ ബ്ലോഗ് ലേഖനത്തിലെഴുതി. ചർച്ചകൾ നടത്തിയിരുന്നെങ്കിലും കമ്പനി പിന്നീട് വ്യവസ്ഥകളിൽനിന്ന് പിന്മാറിയെന്നായിരുന്നു ഷിപ്പിങ് കോർപ്പറേഷന്റെ നിലപാട്.
ആരോപണങ്ങൾ വിവാദങ്ങൾ.
6.40 കോടി രൂപയാണ് കപ്പൽ കാണാതായ വകയിൽ കോർപ്പറേഷന് ഇൻഷൂറൻസ് കമ്പനികളിൽനിന്ന് ലഭിച്ചത്. 37,730 രൂപ വീതം ജീവനക്കാരുടെ ബന്ധുക്കൾക്ക് വിതരണം ചെയ്തു. എം.വി. കൈരളി അറബിക്കടലിൽ അപ്രത്യക്ഷമായി വർഷങ്ങൾ കഴിഞ്ഞിട്ടും അതിനെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിച്ചില്ല. ഷിപ്പിങ് കോർപ്പറേഷനിൽ കടൽയാത്രയെക്കുറിച്ചോ ചരക്കുനീക്കത്തെക്കുറിച്ചോ വൈദഗ്ധ്യമുള്ള ആരുമുണ്ടായിരുന്നില്ലെന്നും സെക്കന്റ് ഹാൻഡ് കപ്പൽ വാങ്ങിയതിൽ അഴിമതി നടന്നുവെന്നും ആരോപണങ്ങളുയർന്നു. കപ്പൽ കണ്ടെത്തുന്നതിന് പകരം ഇൻഷുറൻസ് തുക വാങ്ങിയെടുക്കാനാണ് കോർപ്പറേഷൻ താൽപര്യം കാണിച്ചതെന്നും ജീവനക്കാരുടെ ബന്ധുക്കളുടെ കൂട്ടായ്മ ആരോപിച്ചു. അശാസ്ത്രീയമായാണ് കപ്പലിൽ ചരക്ക് നിറച്ചതെന്നും കപ്പലിന്റെ ശേഷിയെക്കാൾ ആയിരക്കണക്കിന് ടൺ അധികമുണ്ടായിരുന്നെന്നും ചിലർ വെളിപ്പെടുത്തി. പല സംഘടനകളും സമാന്തരമായ അന്വേഷണങ്ങൾക്ക് ഇറങ്ങിപ്പുറപ്പെട്ടു. പല പുതിയ കാര്യങ്ങളും വെളിപ്പെട്ടുവെങ്കിലും ഒരു ചോദ്യത്തിന് മാത്രം ആർക്കും ഉത്തരം കണ്ടെത്താൻ സാധിച്ചില്ല- ഒരു എണ്ണപ്പാട പോലും അവശേഷിപ്പിക്കാതെ 51 ജീവനക്കാരും 20,538 ടൺ ഇരുമ്പയിരുമായി എം.വി.കൈരളി എങ്ങോട്ടാണ് അപ്രത്യക്ഷമായത്?
കപ്പൽ മുങ്ങിയതാവാനാണ് സാധ്യതയെന്നാണ് മിക്കവാറും അന്വേഷണങ്ങളും വിരൽചൂണ്ടുന്നത്. ഒരു തെളിവും ലഭിച്ചില്ലെങ്കിലും മിക്കവാറും കപ്പൽ വിദഗ്ധരും ശാത്രീയ പഠനങ്ങളും ശരിവെക്കുന്നതും ഈ സാധ്യത തന്നെ. ഇതുപ്രകാരമാണെങ്കിൽ ടൈറ്റാനിക്ക് മുങ്ങിക്കിടന്നത് പോലെ അറബിക്കടലിന്റെ അടിയിലെവിടെയോ എം.വി. കൈരളിയും കിടക്കുന്നുണ്ടാവും. ഒറ്റപ്പെട്ട ചില സംഘടനകളുടെ ഇടപെടലുകളെല്ലാതെ എം.വി. കൈരളിയെ കണ്ടെത്താനുള്ള ഇടപെടലുകളൊന്നും പിന്നീട് ഉണ്ടായതേയില്ല.



