തിരുപ്പതി : പുള്ളിപ്പുലി കടിച്ചെടുത്തോടിയ കുഞ്ഞിനെ പൊലീസ് രക്ഷിച്ചു. തിരുമല വനപാതയിൽ 2023 ജൂൺ 22 വ്യാഴാഴ്ച രാത്രി 10ന് കുടുംബത്തോടൊപ്പം പോകുമ്പോഴാണു കുർണൂൽ അഡോണി സ്വദേശിയായ 3 വയസ്സുകാരനെ പുലി കഴുത്തിൽ കടിച്ചെടുത്തോടിയത്. തിരുപ്പതി ടൗണിനും ശ്രീ വെങ്കിടേശ്വരക്ഷേത്രത്തിനുമിടയിലായിരുന്നു സംഭവം. മാതാപിതാക്കൾ അടുത്തുള്ള കടയിൽനിന്നു സാധനം വാങ്ങുന്നതിനിടെ മുത്തച്ഛനും കുഞ്ഞും തനിച്ചായ സമയത്താണ് ആക്രമണം.
ടൗൺ എസ്ഐ രമേശിന്റെ നേതൃത്വത്തിൽ 6 പൊലീസുകാർ മൊബൈൽ ഫോൺ വെളിച്ചം മിന്നിച്ച് വടിയുമായി പുലിയെ കാട്ടിൽ പിന്തുടർന്നു. ബഹളം കേട്ടു കുട്ടിയെ ഉപേക്ഷിച്ച് പുലി ഓടിയെന്നു തിരുമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ എ.വി.ധർമ റെഡ്ഡി പറഞ്ഞു. കഴുത്തിനു പരുക്കേറ്റ കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.