റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാടകീയ നീക്കങ്ങളിൽ കുഴഞ്ഞ് തമിഴ് രാഷ്ട്രീയം

June 15, 2023 - 10:46 am

ചെന്നൈ : വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയെ 2023 ജൂൺ 14 പുലർച്ചെ നാലുമണിയോടെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിലൂടെ തമിഴ് രാഷ്ട്രീയത്തിൽ അത്യന്തം നാടകീയമായ വഴിത്തിരിവുകളാണ് ഉണ്ടായത്. ബാലാജി എഐഎഡിഎംകെയിൽ ആയിരുന്ന കാലത്തെ കേസിലാണ് നടപടി. ഡിഎംകെ ശക്തമായ രാഷ്ട്രീയ നീക്കത്തിനുള്ള ഒരുക്കം നടത്തുമ്പോൾ കേന്ദ്രസർക്കാരിനും ബിജെപിക്കും ഗവർണർക്കും എതിരായ പോരാട്ടത്തിലെ പുതിയ ഏടാക്കി മാറ്റുകയാണ് ഈ സംഭവത്തെ സംസ്ഥാന സർക്കാർ.

വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയുടെ വീട്ടിൽ ഇഡി എത്തിയത് ജൂൺ 13 ചൊവ്വാഴ്ച രാവിലെയോടെയാണ്. വീട്ടിൽ മാത്രമല്ല സെക്രട്ടേറിയറ്റിലെ ഓഫീസിലും ഉച്ചയ്ക്കു ശേഷം ഉദ്യോഗസ്ഥർ എത്തി. 14 ന് പുലർച്ചെ നാലുമണിവരെ പരിശോധന നീണ്ടു. നാലുമണിക്ക് ചോദ്യം ചെയ്യാനായി സെന്തിൽ ബാലാജിയുമായി വാഹനം പുറപ്പെട്ടു. വാഹനത്തിലിരുന്ന് നെഞ്ചുവേദനകൊണ്ട് കരയുന്ന സെന്തിലിന്റെ ദൃശ്യവും ഈ സമയം പുറത്തുവന്നു.

കടുത്ത നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ സെന്തിലിനെ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഹൃദയധമനികളിൽ മൂന്നു ബ്ലോക്കുകൾ കണ്ടെത്തിയെന്ന് ആശുപത്രിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. അടിയന്തരമായി ബൈപാസ് നടത്തണം എന്നും ഡോക്ടർമാരുടെ നിർദേശം പിന്നാലെ വന്നു.

സെന്തിലിനെ സന്ദർശിക്കാൻ മുഖ്യന്ത്രി എംകെ സ്റ്റാലിനും മന്ത്രിമാരും ആശുപത്രിയിൽ എത്തിയെങ്കിലും കാത്തുനിന്ന മാധ്യമങ്ങളോട് പക്ഷേ, മുഖ്യമന്ത്രി പ്രതികരിച്ചില്ല. നിയമപരമായ നീക്കം പ്രഖ്യാപിച്ച് മുഖ്യന്ത്രി മൗനം പാലിക്കുകയാണ് എന്നായിരുന്നു വിശദീകരണം. അതിന് കോടതിയോടുള്ള ബഹുമാനം മാത്രമായിരുന്നില്ല കാരണം.

കേസ് 2011-14 കാലത്തെയാണ്. അന്ന് സെന്തിൽ ബാലാജി എഐഎഡിഎംകെയുടെ മന്ത്രിയായിരുന്നു. ജയലളിതയുടെ വേർപാടോടെ ഭരണം തന്നെ നഷ്ടമാകും എന്ന നിലയിൽ പാർട്ടിയിലെ ഇരുവിഭാഗങ്ങളേയും ഒന്നിപ്പിച്ചത് സെന്തിൽ ആണ്. 2018ൽ എഐഎഡിഎംകെ വിട്ട് ഡിഎംകെയിൽ എത്തി. അതോടെ ബിജെപിയുടെ കണ്ണിലെ കരടായി എന്ന് ഡിഎംകെ പ്രവർത്തകർ പറയുന്നു. പക്ഷേ, സെന്തിൽ ബാലാജിയെ ഇപ്പോൾ ഇ ഡി ചോദ്യം ചെയ്യുന്ന വിഷയം ഉയർത്തിയത് ഡിഎംകെ ആയിരുന്നു. ഗതാഗത വകുപ്പിൽ വ്യാപകമായി വഴിവിട്ട നിയമനങ്ങൾ എന്ന ആ ആരോപണമാണ് പതിറ്റാണ്ടിനു ശേഷം ഇ ഡി അന്വേഷിച്ചതും ഇപ്പോൾ അറസ്റ്റിലേക്ക് എത്തിയതും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *