ബലാത്സംഗ ഇരയെ ഭാരത് ജോഡോ യാത്രക്കിടെ കണ്ടു: വിവരങ്ങള്‍ തേടി പോലീസ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തി

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയിലെ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടി ഡല്‍ഹി പോലീസ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തി. ലൈംഗികാതിക്രമത്തിന് ഇരയായവരെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് മാര്‍ച്ച് 16ന് രാഹുലിന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വസതിയില്‍ പോലീസെത്തിയത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് നോട്ടീസെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ഭാരത് ജോഡോ യാത്രക്കിടെ കണ്ടതായി രാഹുല്‍ വെളിപ്പെടുത്തിയിരുന്നു. ഈ പെണ്‍കുട്ടിയുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടാണ് പോലീസ് നോട്ടീസ് നല്‍കിയത്. ജനുവരിയില്‍ കശ്മീരിലെ ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിലാണ് ലൈംഗികാതിക്രമത്തിന് ഇരയായവരെക്കുറിച്ച് രാഹുല്‍ പരാമര്‍ശിച്ചത്. കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കുകയും ചെയ്തു.

Share
അഭിപ്രായം എഴുതാം