റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാന്ദ്രയാത്രികര്‍ക്കായി സ്യൂട്ട് തയാര്‍

March 17, 2023 - 2:24 pm

വാഷിങ്ടണ്‍: ആര്‍ട്ടെമെസ് യാത്രികര്‍ക്കായുള്ള സ്യൂട്ട് നാസ പുറത്തിറക്കി. 2025 ല്‍ ആര്‍ട്ടെമെസ്-3 യിലാകും മനുഷ്യരുടെ ചന്ദ്രനിലേക്കുള്ള യാത്ര. ആ യാത്രികരില്‍ ഒരാള്‍ക്ക് ചന്ദ്രനില്‍ കാലുകുത്തുന്ന ആദ്യ വനിതയെന്ന ബഹുമതിയും ലഭിക്കും. ചാന്ദ്ര ഉപരിതലത്തില്‍ നടക്കുന്ന ആദ്യത്തെ സ്ത്രീക്ക് അനുയോജ്യമായുള്ള മാറ്റങ്ങള്‍ സ്‌പേസ് സ്യൂട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ആക്‌സിയോം എക്സ്ര്ടാവെഹിക്കുലാര്‍ മൊബിലിറ്റി യൂണിറ്റ് (ആക്‌സെമു) എന്നാണു സ്‌പേസ് സ്യൂട്ടിന്റെ പേര്. അപ്പോളോ യാത്രികര്‍ ഉപയോഗിച്ച സ്യൂട്ടില്‍നിന്നു വ്യത്യസ്തമാണിത്. അനായാസം കുനിയാനും തലയ്ക്കു മുകളിലേക്കു സാധനങ്ങള്‍ എടുക്കാന്‍ കഴിയുമെന്നതാണു പ്രധാന വ്യത്യാസം. പുതിയ ഹെല്‍മെറ്റ് ബബിളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മൂണ്‍വാക്കിനായി പ്രത്യേകമായി നിര്‍മിച്ച ബൂട്ടുകള്‍, ‘ഫാന്‍സി സ്‌കൂബ ടാങ്കും എയര്‍ കണ്ടീഷനും സംയോജിപ്പിച്ച്’ പോര്‍ട്ടബിള്‍ ലൈഫ് സപ്പോര്‍ട്ട് സിസ്റ്റം എന്നിവയുണ്ട്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ സങ്കീര്‍ണമായ വെല്ലുവിളികളെ നേരിടാന്‍ സ്‌പേസ് സ്യൂട്ടില്‍ സംവിധാനമുണ്ട്.

തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്യൂട്ട് നിര്‍മിക്കാനാണു ആക്‌സിയോമിനു നാസ കരാര്‍ നല്‍കിയത്. 22.85 കോടി ഡോളറി(ഏകദേശം 1892.77 കോടി രൂപ)ന്റേതായിരുന്നു കരാര്‍. നിരവധി പാളികളായിട്ടാണു സ്‌പേസ് സ്യൂട്ട് നിര്‍മിച്ചിട്ടുള്ളത്. ഏറ്റവും ഉള്ളിലുള്ള പാളിയില്‍ ബലൂണ്‍ പോലെ വായു നിറയ്ക്കും. ചന്ദ്രനിലെ താപനില വ്യതിയാനത്തില്‍ യാത്രികര്‍ക്കു സംരക്ഷണം നല്‍കുകയാണു മറ്റൊരു പാളിയുടെ ധര്‍മം ചന്ദ്രനിലെ പൊടിയെ തടയാനുള്ള കഴിവ് ബാഹ്യ പാളിക്കുണ്ട്. ഇനി ഹ്യൂസ്റ്റണിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലെ ന്യൂട്രല്‍ ബോയന്‍സി ലാബില്‍ പുതിയ സ്യൂട്ട് പരീക്ഷിക്കും. അവിടെ 40 അടി താഴ്ചയുള്ള ഒരു കുളത്തില്‍ ചന്ദ്രനിലേതിനു തുല്യമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *