അറസ്റ്റ് വാറന്‍ഡ് റദ്ദാക്കണമെന്ന ഇമ്രാന്റെ ഹര്‍ജി കോടതി തള്ളി

ഇസ്ലാമാബാദ്: തോഷാഖാനാ കേസില്‍ തനിക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി(പി.ടി.ഐ) നേതാവുമായ ഇമ്രാന്‍ ഖാന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഇതിനു പുറമേ ഇമ്രാന്റെ പ്രസംഗങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിന് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി പാകിസ്താന്‍ ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പി.ഇ.എം.ആര്‍.എ.) സമിതിയും ഉത്തരവിറക്കി. വിലക്ക് മറികടന്നാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

തെരഞ്ഞെടുപ്പു നേരത്തേ നടത്തണമെന്നാവശ്യപ്പെട്ട് ഇമ്രാന്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാവി ഇതോടെ തുലാസിലായി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അധികാരത്തില്‍നിന്നു പുറത്തായതു മുതല്‍ പുതിയ തെരഞ്ഞെടുപ്പിനായി ഇമ്രാന്‍ ആവശ്യമുന്നയിക്കുകയാണ്. എന്നാല്‍, ഈ വര്‍ഷം ഓഗസ്റ്റ് വരെയുള്ള കാലാവധി പൂര്‍ത്തിയാക്കുമെന്നാണ് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വാദം.
ഞായറാഴ്ച അറസ്റ്റ് വാറന്റുമായി ഇസ്ലാമാബാദ് പോലീസ് ഇമ്രാന്റെ ലഹോറിലെ വസതിയിലെത്തിയിരുന്നെങ്കിലും അദ്ദേഹം പിടികൊടുക്കാന്‍ തയാറായില്ല. ഇസ്ലാമാബാദ് സെഷന്‍സ് കോടതിയാണ് ഇമ്രാനെതിരേ വാറന്റ് പുറപ്പെടുവിച്ചത്. പലതവണ സമന്‍സ് നല്‍കിയിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. അതേസമയം, ഇന്ന് കോടതിയില്‍ ഹാജരാകാമെന്ന് ഇമ്രാന്‍ ഖാന്‍ ഉറപ്പുനല്‍കിയെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇമ്രാന്റെ അറസ്റ്റിനായുള്ള നീക്കം രാജ്യത്ത് വീണ്ടും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്ന ആശങ്ക ശക്തമാണ്. സാമ്പത്തിക പ്രതിസന്ധിമൂലം നട്ടംതിരിയുന്ന പാകിസ്താന് വീണ്ടുമൊരു പ്രതിസന്ധികൂടി തരണം ചെയ്യാനാവില്ലെന്നു ചൂണ്ടിക്കാട്ടുന്നവരും കുറവല്ല. അതിനിടെ, വിലക്ക് മറികടന്ന് ഇമ്രാന്റെ പ്രസംഗം പ്രക്ഷേപണം ചെയ്തതിനു എ.ആര്‍.വൈ. ന്യൂസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഇമ്രാനുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇത് രണ്ടാം വട്ടമാണ് എ.ആര്‍. വൈ. ന്യൂസിന്റെ ലൈസന്‍സ് റദ്ദാക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ‘ക്രമസമാധാന പാലനത്തിന് ദോഷകരമാകാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഇമ്രാന്റെ പ്രസംഗങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രധാനമന്ത്രിയായിരിക്കെ വിദേശ രാഷ്ട്രത്തലവന്മാരും നയതന്ത്രജ്ഞരും നല്‍കിയ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ മറിച്ചുവില്‍ക്കുകയും ഇതിന്റെ ശരിയായ കണക്കുകള്‍ വെളിപ്പെടുത്താതെ നികുതി വെട്ടിക്കുകയും ചെയ്‌തെന്നതാണ് ‘തോഷാഖാനാ’ കേസ്. പാക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു വിദേശത്തുനിന്നു ലഭിക്കുന്ന സമ്മാനങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പാണു തോഷാഖാന.

Share
അഭിപ്രായം എഴുതാം