റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജോലിക്കു പകരം ഭൂമി; റാബ്‌റിയെ സി.ബി.ഐ. ചോദ്യംചെയ്തു

March 7, 2023 - 12:14 pm

പട്‌ന: റെയില്‍വേയില്‍ ജോലി നല്‍കി പകരം ഭൂമി തട്ടിയെടുത്തെന്ന കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്‌റി ദേവിയെ പട്‌നയിലെ വസതിയില്‍ സി.ബി.ഐ. ചോദ്യംചെയ്തു. റെയ്‌ഡോ പരിശോധനയോ അല്ലെന്നും മുന്‍കൂട്ടി അറിയിച്ചശേഷം റാബ്‌റി ദേവിയുടെ മൊഴിയെടുത്തതാണെന്നും സി.ബി.ഐ. അറിയിച്ചു. റാബ്‌റി ദേവിയുടെ ഭര്‍ത്താവും ആര്‍.ജെ.ഡി. നേതാവും മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനു സി.ബി.ഐ. നോട്ടീസ് അയയ്ക്കുകയും ചെയ്തു.
2004 മുതല്‍ 2009 വരെ ലാലുപ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ, റെയില്‍വേയില്‍ നല്‍കിയ ജോലികള്‍ക്കു പകരമായി നിസാരവിലയ്ക്കു ഭൂമി വാങ്ങിക്കൂട്ടിയതായി 2022 മേയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ സി.ബി.ഐ. ആരോപിക്കുന്നു.

മക്കളായ മിസ, ഹേമ എന്നിവരും കേസില്‍ പ്രതികളാണ്. സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതോടെ ലാലുപ്രസാദ് യാദവും കുടുംബാംഗങ്ങളും 15 നു ഹാജരാകണമെന്നു പ്രത്യേക കോടതി നിര്‍ദേശം നല്‍കി. ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചത്. പട്‌ന നിവാസികള്‍ ആയിരുന്നിട്ടും മുംബൈ, ജബല്‍പൂര്‍, കൊല്‍ക്കത്ത, ജയ്പൂര്‍, ഹാജിപൂര്‍ എന്നീ റെയില്‍വേ സോണുകളില്‍ ചിലരെ ഗ്രൂപ്പ്-ഡി തസ്തികകളില്‍ പകരക്കാരായി നിയമിച്ചെന്നും ഇതിനു പകരമായി ലാലു പ്രസാദിന്റെ കുടുംബം ഇവരുടെ ഭൂമി വാങ്ങിയെന്നുമാണ് ആരോപണം. റെയില്‍വേയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണ് നിയമനം നടത്തിയതെന്ന് സി.ബി.ഐ. പറയുന്നു. അതേ സമയം, കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ കക്ഷികളെ വേട്ടയാടുന്നതിന്റെ തുടര്‍ച്ചയാണ് കേസെന്നു ആര്‍.ജെ.ഡി. ആരോപിച്ചു.

ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതിനു പിറ്റേന്നാണ് റാബ്‌റി ദേവിയെ ചോദ്യംചെയ്തത്. കത്തില്‍ ഒപ്പിട്ടവരില്‍ റാബ്രി ദേവിയുടെ മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും ഉള്‍പ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *