മലപ്പുറം: ജില്ലയില്‍ വഴിക്കടവ് പഞ്ചായത്തില്‍ രണ്ടു വ്യക്തികള്‍ക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്. രേണുക അറിയിച്ചു. സമാനരോഗലക്ഷണങ്ങളുമായി മറ്റു 14 പേര്‍കൂടി ചികിത്സ തേടിയിട്ടുണ്ട് എന്നതു രോഗം പടര്‍ന്നുപിടിക്കാനുള്ള സൂചന നല്‍കുന്നുണ്ട്.
എട്ടുപേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. വഴിക്കടവ് പഞ്ചായത്തിലെ വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടം പുഴയില്‍ സ്ഥിതി ചെയ്യുന്ന പമ്പിങ് സ്റ്റേഷനില്‍നിന്ന് വരുന്ന ജലനിധിയുടെ വെള്ളവും മറ്റു കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവര്‍ക്കാണ് നിലവില്‍ രോഗലക്ഷണങ്ങള്‍ കണ്ടത്. ഇതേ പുഴയിലേക്കുതന്നെ സമീപത്തുള്ള നിരവധി ഹോട്ടലുകളില്‍ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നുണ്ട്. പുഴകളില്‍ വെള്ളം വളരെ കുറഞ്ഞ ഈ സമയത്ത്; ഇത് മലിനജലം കൂടുതല്‍ വെള്ളത്തിലേക്ക് കലരുന്നതിനും പുഴയിലെ വെള്ളം മുഴുവന്‍ മലിനമാകുന്നതിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്ത് തല ദ്രുതകര്‍മ്മസേന അടിയന്തരമായി യോഗം ചേരുകയും മുന്നറിയിപ്പ് നടത്തുന്നതിന് വേണ്ടിയിട്ടുള്ള പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും ടൗണുകളിലും മൈക്ക് അനൗണ്‍സ്മെന്റ് നടത്തുന്നുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുകയുടെയുടെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിക്കുകയും പ്രതിരോധ നടപടികള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. മലിനജലം തുറന്ന് വിട്ട ഹോട്ടലുകള്‍ അടപ്പിക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

