റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉമ്മന്‍ ചാണ്ടിയെ വിദഗ്ധ ചികിത്സക്ക് വേണ്ടി ബെംഗളൂരുവിലേക്ക് മാറ്റിയേക്കും

February 8, 2023 - 11:01 am

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ ഉമ്മന്‍ ചാണ്ടിയെ വിദഗ്ധ ചികിത്സക്ക് വേണ്ടി ബെംഗളൂരുവിലേക്ക് മാറ്റിയേക്കും. നിലവില്‍ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലാണ് അദ്ദേഹം കഴിയുന്നത്. ആരോഗ്യനില യാത്രയ്ക്ക് അനുയോജ്യമാണെങ്കില്‍ മാത്രമാണ് ഇന്ന് അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് മാറ്റുക. ഇതിനായി രാവിലെ 10.30ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. അതിനിടെ കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ഇന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ചു. ജര്‍മനിയില്‍ നടത്തിയ ചികിത്സയുടെ തുടര്‍ ചികിത്സക്കായാണ് ബെംഗളൂരുവിലെ കാന്‍സര്‍ കെയര്‍ സെന്ററിലേക്ക് മാറ്റുന്നത്. എയര്‍ ആംബുലന്‍സിലായിരിക്കും ബെംഗളൂരുവിലേക്കുളള യാത്ര. ഇതിന്റെ ചെലവ് കോണ്‍ഗ്രസ് വഹിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഉള്‍പ്പെടെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വമാണ് എയര്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ആരോഗ്യ മന്ത്രി ഇന്നലെ രാവിലെ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു.നെഫ്രോളജി വിഭാഗം മേധാവി ഡോ. മഞ്ചു തമ്പിയാണ് മെഡിക്കല്‍ ബോര്‍ഡിന് നേതൃത്വം നല്‍കുന്നത്. കനത്ത പനിയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ശേഷം ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു. സന്ദര്‍ശകര്‍ക്ക് കനത്ത വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയുടെ ബന്ധുക്കളെ ഫോണില്‍ വിളിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് മതിയായ ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച് അനുജന്‍ അലക്‌സ് വി ചാണ്ടി അടക്കമുള്ള ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും കത്ത് നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *