റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടും ഒന്നും ചെയ്യാനാകാതെ പോലീസ്

January 22, 2023 - 10:13 pm

കണ്ണൂര്‍: കണ്ണൂരിലെ അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പില്‍ മുഖ്യപ്രതിയായ ആന്റണിയെ കണ്ടെത്താനാകാതെ പ്രത്യേക അന്വേഷണസംഘം ഇരുട്ടില്‍തപ്പുന്നു. കേസിലെ മുഖ്യപ്രതിയും ആസൂത്രകനുമായ ആന്റണിയെ പിടികൂടിയാല്‍മാത്രമേ ഇനി കേസില്‍ അന്വേഷണസംഘത്തിനു മുന്നോട്ടുപോകാനാകൂ. കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ ആന്റണി വടക്കെ ഇന്ത്യയിലേക്കു കടന്നുവെന്നു പോലീസ് സംശയിച്ചിരുന്നുവെങ്കിലും പിന്നീട് ചെന്നൈ വഴി വിദേശത്തേക്കു കടന്നുവെന്ന വിവരമാണു ലഭിച്ചത്. എന്നാല്‍ ആന്റണിക്കെതിരേ ലുക്ക്ഔട്ട് നോട്ടീസിറക്കുകയോ ഇയാളെ പിടികൂടാന്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുകയോ ചെയ്തിട്ടില്ല.

കേസില്‍ നേരത്തെ അറസ്റ്റിലായ മലപ്പുറം ചങ്ങരംകുളം മേലോട് ഷൗക്കത്തലി, തൃശൂര്‍ വരവൂര്‍ കുന്നത്തുപീടികയില്‍ കെ.എം. ഗഫൂര്‍ എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് പ്രത്യേക അന്വേഷണസംഘം പറഞ്ഞിരുന്നുവെങ്കിലും ഇവരുടെ പേരില്‍ സ്വത്തുക്കളില്ലാത്തതു തിരിച്ചടിയായിട്ടുണ്ട്. ഇവരുടെ ബന്ധുക്കളുടെ പേരിലുള്ള സ്വത്തുക്കള്‍ ബിനാമി പേരിലുള്ളതാണെന്ന് പ്രത്യേക അന്വേഷണസംഘം പറയുന്നുണ്ടെങ്കിലും ഇതു കണ്ടുകെട്ടുന്നതിനു നിയമപരമായ തടസങ്ങള്‍ ഏറെയുണ്ട്. ഡയറക്ടര്‍മാരായ രണ്ടുപേരും തങ്ങളുടെ പേരിലുളള സ്വത്തുക്കള്‍ ബന്ധുക്കളുടെ പേരിലേക്കു നേരത്തെ മാറ്റിയിരുന്നുവെന്നാണ് പ്രത്യേക അന്വേഷണസംഘം പറയുന്നത്.
കേസിലെ മറ്റൊരു പ്രതിയായ അസിസ്റ്റന്റ് ജനറല്‍ മാനേജരായ സി.വി. ജീനയില്‍നിന്നും കോടികളുടെ തട്ടിപ്പിനെക്കുറിച്ചു നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചതായി പോലീസ് പറയുമ്പോഴും അറസ്റ്റിലായ മൂന്നുപേരും ആന്റണി പതിനേഴു കോടി വെട്ടിച്ചതിനാലാണു കമ്പനി പൊളിഞ്ഞതെന്നാണു മൊഴി നല്‍കിയിട്ടുള്ളത്.
എനി ടൈം മണിയെന്ന സമാന്തരസ്ഥാപനം രൂപീകരിച്ച് ആന്റണിയും സഹോദരനുമാണ് നിക്ഷേപകരുടെ കോടികള്‍ വക മാറ്റിയതെന്നാണ് ഇവര്‍ പറയുന്നത്. ഗഫൂറും ഷൗക്കത്തലിയും ആന്റണിക്കെതിരേ നല്‍കിയ മൊഴി മാത്രമാണു പ്രധാന തെളിവ്. എന്നാല്‍ ഇതുകൊണ്ടുമാത്രം അറസ്റ്റിലേക്ക് എത്താന്‍ കഴിയുമോയെന്ന സംശയം പ്രത്യേക അന്വേഷണസംഘത്തിനുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *