അഹമ്മദാബാദ്: യു.എസ്. അതിര്‍ത്തിയില്‍ ഒരു വര്‍ഷം മുമ്പ് നാലംഗ ഇന്ത്യന്‍ കുടുംബം അതിശൈത്യത്തില്‍ മരണമടഞ്ഞ സംഭവത്തില്‍ ഗുജറാത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മനുഷ്യക്കടത്ത് സംഘാംഗങ്ങളെന്നു കരുതുന്ന ഭാവേഷ് പട്ടേല്‍, യോഗേഷ് പട്ടേല്‍, ദശരഥ് ചൗധരി എന്നിവരെയാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞവര്‍ഷം ജനുവരി 19 നായിരുന്നു ദാരുണസംഭവം. ഗുജറാത്തിലെ ഗാന്ധിനഗര്‍ സ്വദേശികളായ മാതാപിതാക്കളും രണ്ടു കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബമാണ് കാനഡയില്‍നിന്ന് അനധികൃതമായി അമേരിക്കയിലേക്കു കുടിയേറാനുള്ള ശ്രമത്തിനിടെ മരംകോച്ചുന്ന തണുപ്പില്‍ മരിച്ചത്. ഇവരടക്കം 11 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
അനധികൃത കുടിയേറ്റത്തിനു ചുക്കാന്‍ പിടിച്ചവരെന്നു കരുതുന്നവരെയാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. ഭാവേഷും യോഗേഷും അനധികൃത കുടിയേറ്റ ഏജന്റുമാരാണെന്നും ദശരഥ് സബ് ഏജന്റാണെന്നും അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറിയിച്ചു. ആളൊന്നിന് അഞ്ചുലക്ഷം രൂപ പ്രതിഫലം പറ്റിയാണ് യു.എസിലേക്ക് അനധികൃത കുടിയേറ്റം നടത്തുന്നതെന്നു ചോദ്യം ചെയ്യലില്‍ മൂവരും സമ്മതിച്ചതായും പോലീസ് പറഞ്ഞു.