കോട്ടയം: ഗവേഷണഫലങ്ങൾ വളർച്ചയ്ക്ക് ഉതകുന്ന രീതിയിലാക്കി യുവസംരംഭകരെ വാർത്തെടുക്കുകയാണ് മഹാത്മാഗാന്ധി സർവകലാശാല ക്യാമ്പസിൽ പ്രവർത്തിക്കുന്ന ബിസിനസ് ഇന്നൊവേഷൻ ആൻഡ് ഇൻക്യൂബേഷൻ സെന്റർ. കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഇവിടെ നിന്ന് 26 പേറ്റന്റ് അപേക്ഷകളാണ് ഫയൽചെയ്തിട്ടുളളത്
വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, മൊബൈൽ തരംഗങ്ങളെ തടയുന്ന പോളിമർ സംയുക്തം വികസിപ്പിച്ചെടുത്തിരുന്നു. ഇതിന് പേറ്റന്റ് കിട്ടി. അദ്ദേഹം തന്നെ, പ്രകൃതിദത്ത ഫൈബർ, വ്യാവസായിക ആവശ്യത്തിന് പ്രയോജനപ്പെടുത്തുന്ന സാങ്കേതികവിദ്യയും വികസിപ്പിച്ചെടുത്തു. പ്രോ. വൈസ് ചാൻസലർ പ്രൊഫസർ സി.ടി. അരവിന്ദകുമാർ, പഴങ്ങൾ കേടാകുന്നത് തടയുന്ന, പരിസ്ഥിതി സൗഹൃദമായ ആവരണം കണ്ടെത്തി.
ചെടികളുടെ പ്രതിരോധശേഷി കൂട്ടുന്ന ജൈവവളമായ നാനോപവർ വികസിപ്പിച്ചു. ഡോ. ഇ.കെ. രാധാകൃഷ്ണൻ, ശ്രീജിത്ത് ശ്രീകുമാരൻ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ഓഫ് ബയോസയൻസസിലാണ് ഇത് വികസിപ്പിച്ചത്.
.പഴവർഗങ്ങളുടെ തൊലിയിലെ ഫൈബർ വേർതിരിച്ചെടുത്ത് ഭക്ഷ്യയോഗ്യമാകുന്ന ബിസ്കറ്റ് രൂപത്തിലാണ് ഫ്രൂട്ട്സ്‌കറ്റ്. പ്രതിരോധശക്തി വർധിപ്പിക്കാനും കുടൽരോഗങ്ങൾ തടയാനും പ്രയോജനപ്പെടും.ബി.ടെക്. ബയോടെക്നോളജി വിദ്യാർഥിനി ശ്രീലക്ഷ്മി ശിവാനന്ദന്റെ ഗവേഷണഫലമാണിത്.ധാന്യങ്ങളുടെ പുറത്തെ ആവരണത്തിൽനിന്ന് തയ്യാറാക്കുന്നതാണ് ധാന്യാമൃത്. ജീവിതശൈലിരോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഉത്തമമാണിത്. എം.എസ്‌സി.ബയോടെക്നോളജി വിദ്യാർഥിനി അമൃതാ നായരുടെ ഗവേഷണഫലമാണിത്.
ചെടികളുടെ തണ്ടും പൂവും ദീർഘകാലം കേടാകാതെ സൂക്ഷിക്കാനുള്ള കൈറ്റോസാൻ മിശ്രിതഉത്‌പന്നമാണ് കെ. ശ്രീകാന്തും ആന്റണി പി.വിജയനും വികസിപ്പിച്ചത്.
.ഭക്ഷ്യവസ്തുക്കളുടെ പായ്ക്കിങ്ങിന് വിവിധ പദാർഥങ്ങൾ വികസിപ്പിച്ചു. പ്രകൃതിസൗഹൃദമായ നാനോ കോംപസിറ്റ് ഫിലിമാണിത്. ആദില ഷഹാന, മേരി തെരേസാ എന്നിവർ ചേർന്നാണിത് വികസിപ്പിച്ചത്. കെ.പി. ശരത്ത്, കെ. ശ്രീകാന്ത് എന്നിവർ ചേർന്ന് രൂപം നൽകിയ പാക്കേജിങ് പദാർഥം ഭക്ഷ്യയോഗ്യമാണെന്നതും പ്രത്യേകത. കുളവാഴയിലെ ബാക്ടീരിയയിൽനിന്ന് സമാനമായ പാക്കേജിങ് വസ്തു ശ്രീജ ആർ.പിള്ളയും കണ്ടെത്തി. വാളൻപുളിയിൽനിന്ന് വികസിപ്പിച്ചെടുത്തതാണ് മറ്റൊന്ന്. ബിക്കി ജെറിൻ ജോസഫ്, ദേവു വിജയ് എന്നിവരാണ് ഇതിനുപിന്നിൽ.
.എമി എസ്.മാത്യു, വിപിന വിനോദ് എന്നിവർ ചേർന്ന് വികസിപ്പിച്ചെടുത്ത നാനോ ഹൈഡ്രോജെൽ പ്രമേഹരോഗികളിലെ മുറിവുകൾ ഉണക്കും. ഭക്ഷ്യസുരക്ഷയ്ക്കായി ഒരു സ്റ്റാർട്ടപ്പിന് രൂപം നൽകുകയാണ് ഗവേഷണ വിദ്യാർഥിയായ ജെ. അജ്മൽ.
.കലാബുറ ലാബ്സ് എന്ന പേരിൽ രഞ്ജിത് മഹാസേനൻ തുടങ്ങിയ സംരംഭം പ്രകൃതിദത്തമായ സൗന്ദര്യവർദ്ധകവസ്തുക്കളും അണുനാശിനികളും വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കുന്നു. എം.ടെക്. ബിരുദധാരിയായ എസ്.ബി. റോഷൻ ആംഫ്ലൈ ലബോറട്ടറീസ് എന്ന പേരിൽ, നാനോ പേഴ്സണൽ കെയർ ഉത്‌പന്നങ്ങൾ നിർമിക്കുന്നതിനുള്ള ഗവേഷണപദ്ധതി തുടങ്ങി.
ബി.ഐ.ഐ.സി. ഡയറക്ടർ ഡോ ഇ.കെ. രാധാകൃഷ്ണനും ടി.ബി.ഐ. മാനേജർ ഡോ. സി. ചന്ദനയും ഇതിനെല്ലാം മേൽനോട്ടം വഹിക്കുന്നു. ഡോ. ജെറി മേച്ചേരി, റോയിസ് ചാക്കോ, നിഖിൽരാജ് എന്നിവരും ഇവർക്ക് പിന്തുണ നൽകുന്നു




