തലസ്ഥാനം 09/12/2022 മുതല്‍ ലോകസിനിമാ ലഹരിയിലേക്ക്. 27ാമത് ഐഎഫ്‌എഫ്‌കെ ഡിസംബർ 9 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അതോടെ ലോക സിനിമാ പ്രേമികള്‍ വരുന്ന ഒരാഴ്‌ച തലസ്ഥാന നഗരവീഥികള്‍ കീഴടക്കും.
വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉത്ഘാടനം ചെയ്യും.ബ്രിട്ടീഷ് ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ട് റെസിഡന്റ് പിയാനിസ്‌റ്റ് ജോണി ബെസ്‌റ്റാണ് വിശിഷ്‌ടാതിഥി. ചടങ്ങില്‍ ഇറാനിയന്‍ സംവിധായിക മഹ്‌നാസ് മുഹമ്മദിയ്‌ക്ക് സ്‌പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മുഖ്യമന്ത്രി സമ്മാനിക്കും. മന്ത്രി വി.എന്‍ വാസവന്‍ അദ്ധ്യക്ഷത വഹിക്കും.
രാജ്യാന്തരമേളയുടെ ഉദ്ഘാടനചടങ്ങിന് ശേഷം വിശ്വവിഖ്യാത സിത്താര്‍ വാദകന്‍ പുര്‍ഭയാന്‍ ചാറ്റര്‍ജിയുടെ സിത്താര്‍ കച്ചേരിയുണ്ടാകും.ലോകത്തെ വിവിധ സംഗീത രീതികളെ സിത്താറിലേക്കു ആവാഹിക്കുന്ന പൗരാണിക സംഗീതത്തിന്റെ സമന്വയമാണ് കച്ചേരിയില്‍ അവതരിപ്പിക്കുന്നത്. ഇതാദ്യമായാണ് പുര്‍ഭയാന്‍ തലസ്ഥാനത്ത് സിത്താര്‍ സന്ധ്യ അവതരിപ്പിക്കുന്നത്.
ശേഷം ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ടോറി ആന്റ് ലോലിത എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. കാന്‍ ചലച്ചിത്രമേളയുടെ 75ാം വാര്‍ഷിക പുരസ്‌കാരം നേടിയ ചിത്രമാണിത്. 70ഓളം രാജ്യങ്ങളില്‍ നിന്നുളള 186 ചിത്രങ്ങളാകും മേളയില്‍ പ്രദര്‍ശിപ്പിക്കുക.അന്താരാഷ്‌ട്ര മത്സരവിഭാഗത്തില്‍ 14, മലയാളം സിനിമ ടുഡെ വിഭാഗത്തില്‍ 12ഉം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളാണുണ്ടാകുക.



