തിരുവനന്തപുരം : വിഴിഞ്ഞത്ത് സമരം ഒത്തുതീർപ്പായ പശ്ചാത്തലത്തിൽ 2022 ഡിസംബർ 7 ബുധനാഴ്ച തുറമുഖ നിർമാണം പുനരാരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. സമയബന്ധിതമായി തുറമുഖ നിർമാണം പൂർത്തീകരിക്കാൻ ശ്രമിക്കുമെന്നും അദാനി ഗ്രൂപ്പ് പറഞ‍്ഞു. സമരം ഒത്തുതീർന്നതിൽ സമാധാന ദൗത്യസംഘം സന്തോഷമറിയിച്ചു. വിഴിഞ്ഞം സമരസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച വിജയം കണ്ടതിനെ തുടർന്നാണ് ദിവസങ്ങളായി തുടർന്നു വന്ന വിഴിഞ്ഞം സമരം ഒത്തുതീർപ്പായത്. സമരസമതിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇടപെടലുകൾ തുടർന്നും ഉണ്ടാകണം. പദ്ധതി നടത്തിപ്പിനോളം പ്രധാനം നൽകണമെന്ന് പ്രതിനിധി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പ്രതികരിച്ചു..
അദാനിയും സർക്കാരും ചേർന്ന് കടൽക്ഷോഭത്തിൽ വീട് തകർന്നവർക്ക് 8000 രൂപ വാടകയായി നൽകാമെന്ന് ഉറപ്പു നൽകിയിട്ടും അദാനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് പണം വേണ്ടെന്ന നിലപാടാണ് സമര സമിതി കൈക്കൊണ്ട് . അദാനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നുള്ള 2500 രൂപ വേണ്ടെന്നാണ് സമരസമിതി സർക്കാരിനെ അറിയിച്ചത്. ഇത് ഒഴികെയുള്ള 5500 രൂപയാകും വാടകയായി മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുക. വിഴിഞ്ഞത്തെ സാഹചര്യം പൊതുജനത്തെ ബോധ്യപ്പെടുത്തുമെന്നും പെരേര മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
.വിഴിഞ്ഞം സമരത്തിലെ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെന്നും പൂർണ സംതൃപ്തിയില്ലെങ്കിലും സമരം അവസാനിപ്പിക്കുകയാണെന്നും ഫാദർ യൂജിൻ പെരേര മാധ്യമങ്ങളോട് പറഞ്ഞു. ജോലിക്ക് പോവാനാവാത്ത ദിവസം നഷ്ടപരിഹാരം സർക്കാർ നൽകാനും ധാരണയായി. തീരശോഷണത്തിൽ വിദഗ്ധസമിതി സമരസമിതിയുമായി ചർച്ച നടത്തും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും. സർക്കാർ ഉറപ്പുപാലിക്കുന്നുണ്ടോ എന്ന് മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷിക്കുമെന്നും ലത്തീൻ സഭ അറിയിച്ചു. തീരശോഷണം പഠിക്കാൻ സമരസമിതിയും വിദഗ്ധസമിതിയെ വെക്കും.



