ഹിഗ്വിറ്റ പേര് വിവാദം നിയമപരമായി നേരിടുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. എൻ എസ് മാധവന്റെ കഥയും സിനിമയും തമ്മിൽ ബന്ധമില്ലെന്നും കഥാമോഷണം അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രതികരിച്ചു. എൻ.എസ്. മാധവൻ കഥാമോഷണം ആരോപിച്ച് കത്തു നൽകിയതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത് എന്നാണ് ഫിലിം ചേംബറിന്റെ വിശദീകരണം. ഫിലിം ചേംബറുമായുള്ള ചർച്ചയിൽ പരിഹാരമാക്കാത്തതിനെ തുടർന്നാണ് അണിയറ പ്രവർത്തകർ നിയമ നടപടിക്കൊരുങ്ങുന്നത്.
ചിത്രത്തിന് ഹിഗ്വിറ്റ എന്ന് പേരു നൽകിയതിനെ തുടർന്ന് എഴുത്തുകാരൻ എൻ എസ് മാധവൻ രംഗത്ത് എത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. പേര് വിവാദവുമായി ബന്ധപ്പെട്ട് ഫിലിം ചേംബർ ഇന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായി ചർച്ച നടത്തി. നിർമാതാക്കളായ ബോബി തരിയൻ, സജിത് അമ്മ, സംവിധായകൻ ഹേമന്ത് ജി. നായർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. എൻ.എസ് മാധവന്റെ അനുവാദത്തോടെ സിനിമയ്ക്ക് പേര് ഉപയോഗിക്കാം എന്നായിരുന്നു ഫിലിം ചേംബർ നിലപാട്. ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ.
.
കഥാമോഷണം ആരോപിച്ച് എൻ.എസ് മാധവൻ കത്തു നൽകിയിരുന്നുവെന്നും തർക്കം തീർക്കേണ്ടത് എൻ.എസ്. മാധവനും അണിയറ പ്രവർത്തകരും തമ്മിലാണെന്നും ഫിലിം ചേംബർ വ്യക്തമാക്കി.



