കൊച്ചി സുസ്ഥിര നഗര വികസന പദ്ധതി: ജന പ്രതിനിധികളുടെ യോഗം ചേരും

കൊച്ചി നഗരത്തിന്റെ സമഗ്ര വികസനം സാധ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്ന കൊച്ചി സുസ്ഥിര നഗര വികസന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം അടുത്തയാഴ്ച ചേരാന്‍  ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് കൊച്ചി നഗരത്തിന്റെ ഭാവി വികസനം സാധ്യമാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. വ്യവസായ സ്ഥാപനങ്ങള്‍, താമസ സ്ഥലങ്ങള്‍, പരിസ്ഥിതി സൗഹൃദ ടൂറിസം കേന്ദ്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി നഗരത്തിന്റെ സമഗ്ര വികസനമാണ് പദ്ധതിയുടെ ലക്ഷ്യം. മറൈന്‍ഡ്രൈവ്, പച്ചാളം, മുളവുകാട് തുടങ്ങിയ പ്രദേശങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്ര വികസനം സാധ്യമാക്കും. 

യോഗത്തില്‍ ജില്ലാ വികസന കാര്യ കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണ, ജി.സി.ഡി.എ സെക്രട്ടറി അബ്ദുള്‍ മാലിക്ക്, സീനിയര്‍ ടൗണ്‍ പ്ലാനര്‍ എം.എം. ഷീബ, ജിഡ സെക്രട്ടറി രഘുറാം, സീനിയര്‍ ടൗണ്‍ പ്ലാനര്‍ കെ.എം.ഗോപകുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം