റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോയമ്പത്തൂർ: ഉക്കടത്തെ കാർ ബോംബ് സ്‌ഫോടനക്കേസിൽ നിർണ്ണായക സൂചനയായി മതതീവ്രവാദ നിലപാടുകൾ അടങ്ങുന്ന ലഘുലേഖകളും ഡയറിക്കുറിപ്പുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ ഇത്തരം കുറിപ്പുകളുള്ള നാല് ഡയറികളുണ്ടെന്ന് എൻ.ഐ.എ സ്ഥിരീകരിച്ചു. മറ്റ് മതങ്ങളോടുള്ള ജമേഷ മുബീന്റെ കാഴ്ചപ്പാടുകളും രാജ്യത്തെ സമീപകാല രാഷ്ട്രീയ വിഷയങ്ങളെപ്പറ്റിയുള്ള കുറിപ്പുകളും ഇവയിലുണ്ട്.

പിടിച്ചെടുത്ത വസ്തുക്കളിൽ എഴുപത്തിയാറര കിലോ സ്‌ഫോടക വസ്തുക്കളും ഇലക്ട്രോണിക് സർക്യൂട്ടുകളും ഗ്യാസ് സിലിണ്ടറുകളും ഉണ്ടെന്ന് എൻ. ഐ. എ നേരത്തേ വ്യക്തമാക്കിയിരുന്നു. കൂടാതെയാണ് ലഘുലേഖകളും ഡയറികളും ഉണ്ടെന്ന വെളിപ്പെടുത്തൽ. പൗരത്വ ഭേദഗതി നിയമം, ഹിജാബ് നിരോധനം തുടങ്ങിയവയോടുള്ള തീവ്ര പ്രതികരണങ്ങൾ,​ മറ്റ് മതവിശ്വാസങ്ങളെ പറ്റിയുള്ള കുറിപ്പുകൾ, ഇവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഫ്ലോ ചാർട്ടുകൾ എന്നിവയും ഡയറികളിലുണ്ട്. ഇവ പൊലീസ് എൻ.ഐ.എക്ക് കൈമാറി. സഫ്രൻ ഹാഷിം മാതൃകാപുരുഷൻ ശ്രീലങ്കയിലെ ഈസ്റ്റർ ദിന ഭീകരസ്‌ഫോടനങ്ങളുടെ സൂത്രധാരൻ സഫ്രൻ ഹാഷിം ജമേഷ മുബീന്റെ മാതൃകാപുരുഷനായിരുന്നു. ഇയാളുമായി നേരിട്ട് ബന്ധപ്പെട്ടതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

എന്നാൽ സഫ്രൻ ഹാഷിമുമായി ബന്ധമുള്ളവരുമായി ബന്ധം പുലർത്താൻ ജമേഷ മുബീൻ ശ്രമിച്ചിരുന്നു. ഇയാൾക്ക് ബോംബാക്രമണ പരിശീലനമൊന്നും കിട്ടിയിരുന്നില്ല എന്നാണ് നിഗമനം. ഇന്റർനെറ്റിലും പുസ്തകങ്ങളിലും നിന്ന് കിട്ടിയ വിവരങ്ങളുടെ ആത്മവിശ്വാസത്തിൽ സ്‌ഫോടനത്തിന് പദ്ധതിയിടുകയായിരുന്നു.സ്‌ഫോടക വസ്തുക്കൾ നിറച്ച കാറുമായി പുലർച്ചെ ഒരു മണിക്ക് വീട്ടിൽ നിന്ന് പുറപ്പെട്ടു. സംഗമേശ്വര ക്ഷേത്രത്തിനടുത്തുള്ള പൊലീസ് ചെക്‌പോസ്റ്റ് ഇയാളുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഇവിടെ നിന്ന് ധൃതിയിൽ മടങ്ങുമ്പോഴായിരുന്നു സ്‌ഫോടനം. ഈ ക്ഷേത്രമാണോ ഉന്നമിട്ടതെന്ന് വ്യക്തമല്ല. ഇതടക്കം മൂന്ന് ക്ഷേത്രങ്ങളിൽ ആക്രമണം നടത്താനുള്ള സാദ്ധ്യത ആലോചിച്ചിരുന്നതായി കൂട്ടാളികളായ അഫ്സർ ഖാനും മുഹമ്മദ് അസ്ഹറുദ്ദീനും മൊഴി നൽകിയിട്ടുണ്ട്.എൻ.ഐ.എ അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ സംഗമേശ്വര ക്ഷേത്രത്തിൽ തെളിവെടുത്തു. എൻ.ഐ.എയുടെ എഫ്‌.ഐ.ആറിലെ പരാതിക്കാരനായ ക്ഷേത്ര പുരോഹിതൻ സുന്ദരേശന്റെ മൊഴിയും രേഖപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *