റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കളമശേരി: കുസാറ്റ് കാമ്പസില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരും സ്റ്റുഡന്റ്‌സ് കമ്യൂണിറ്റി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. 10 വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. കാമ്പസില്‍ ബോര്‍ഡ് സ്ഥാപിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. പരുക്കേറ്റവര്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളജിലും ആലുവ ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടി.

കുസാറ്റിലെ സഹാറ ബോയ്‌സ് ഹോസ്റ്റലിലാണ് സംഘര്‍ഷമുണ്ടായത്. അതിനിടെ എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റിന്റെ ഹോസ്റ്റല്‍ മുറിക്കു തീയിട്ടു. ലാപ്‌ടോപ്പ്, കിടക്ക അടക്കമുള്ള സാധനങ്ങള്‍ കത്തിനശിച്ചു. ഹോസ്റ്റലിലുള്ളവരും പുറത്തുനിന്നുള്ളവരും ആക്രമണത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. മര്‍ദനമേറ്റ വിദ്യാര്‍ഥികളെ പോലീസ് മര്‍ദിച്ചതായും ആരോപണമുണ്ട്. മൊഴി രേഖപ്പെടുത്തിയശേഷം കേസെടുക്കുമെന്നു തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. മലബാറീസ് എന്ന കൂട്ടായ്മയാണ് മുറിക്കു തീയിട്ടതെന്ന് എസ്.എഫ്.ഐ. ആരോപിച്ചു. എന്നാല്‍, എസ്.എഫ്.ഐക്കാര്‍തന്നെയാണു തീയിട്ടതെന്നു സ്റ്റുഡന്റ്‌സ് കമ്യൂണിറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു.

രണ്ടു ദിവസമായി ക്യാമ്പസില്‍ സംഘര്‍ഷസ്ഥിതിയായിരുന്നു. സമരത്തിനിടെ എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ്് പ്രജിത്ത് മര്‍ദിച്ചു കൈയൊടിച്ചെന്ന പരാതിയുമായി സെക്യൂരിറ്റി ജീവനക്കാരന്‍ എം. സോമന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. സോമന്‍ കളമശേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍നിന്നു പിന്മാറാന്‍ ഭീഷണിപ്പെടുത്തിയെന്നു സോമന്‍ ആരോപിച്ചിരുന്നു. സോമന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു. സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചിട്ടില്ലെന്ന് എസ്.എഫ്.ഐ. വ്യക്തമാക്കി.

മാര്‍ച്ചിനിടെയുണ്ടായതു ചെറിയ ഉന്തുംതള്ളുംമാത്രമാണെന്നും പരുക്കേറ്റത് എങ്ങനെയെന്ന് അറിയില്ലെന്നും എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പറഞ്ഞു. എസ്.ഐ.ഒ, എം.എസ്.എഫ്. സംഘടനകളുടെ കൂട്ടായ്മയാണ് സ്റ്റുഡന്റ്‌സ് കമ്യൂണിറ്റി.
കഴിഞ്ഞ 24 നു കുസാറ്റിലേക്ക് എസ്.എഫ്.ഐ. നടത്തിയ മാര്‍ച്ചിനിടെയാണ് സോമനു പരുക്കേറ്റത്. നാലംഗ സംഘം കുസാറ്റ് ഓഫീസിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതു തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രജിത് ആക്രമിച്ചതെന്നു സോമന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *