ലഡാക്ക്: അന്താരാഷ്ട്ര യോഗ ദിനത്തിൽ ഓക്സിജൻ കുറവുള്ള 17,000 അടി ഉയരമുള്ള ഇന്ത്യ – ചൈന അതിർത്തിയിൽ യോഗാഭ്യാസം ചെയ്ത് ഐടിബിപി ജവാന്മാർ. എട്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ലഡാക്ക്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അസം എന്നിവിടങ്ങളിലെ ഇന്ത്യ- ചൈന അതിർത്തികളിൽ ആണ് ഐടിബിപി ജവാന്മാർ യോഗ അവതരിപ്പിച്ചത്. അതിർത്തികളിലെ ഉയർന്ന ഹിമാലയൻ പർവ്വതനിരകളിൽ യോഗാസനങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഐടിബിപി വർഷങ്ങളായി യോഗ ദിനം ആചരിക്കുന്നുണ്ട്.
വടക്ക് ലഡാക്ക് മുതൽ കിഴക്ക് സിക്കിം വരെ ഐടിബിപി ജവാന്മാർ യോഗ പരിശീലിക്കുന്നതിന്റെ ചിത്രങ്ങളും, വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി. ലഡാക്കിൽ 17,000 അടി ഉയരമുള്ള സ്ഥലത്താണ് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് യോഗ അവതരിപ്പിച്ചത്. ഹിമാചൽപ്രദേശിലും, ഉത്തരാഖണ്ഡിലും യഥാക്രമം 16,500 അടിയും 16,000 അടിയും ഉയരത്തിലാണ് ഐടിബിപി ഉദ്യോഗസ്ഥർ യോഗം സംഘടിപ്പിച്ചത്.

