ന്യൂഡല്‍ഹി: ഉദയ്പുര്‍ ചിന്തന്‍ ശിബിരത്തിലെ തീരുമാനപ്രകാരം സംഘടനാ സംവിധാനത്തില്‍ അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്.മുതിര്‍ന്ന നേതാവ് ജയ്റാം രമേഷിനെ കമ്മ്യൂണിക്കേഷന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചതും പവന്‍ ഖേരയെ മാധ്യമവിഭാഗം മേധാവിയായി നിയമിച്ചതും ഇതിന്റെ തുടക്കമാണെന്നു പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. ജനങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. ജനങ്ങളിലേക്കു മടങ്ങുക എന്ന് ചിന്തന്‍ ശിബിരത്തില്‍ രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തിരുന്നു. പാര്‍ട്ടി പുനരുജ്ജീവനത്തിന്റേതായ പുതിയ വഴിയിലാണെന്നും 2024 പൊതുതെരഞ്ഞെടുപ്പിനായി അടുത്തിടെ രൂപീകരിച്ച കര്‍മസേന കാര്യപരിപാടികള്‍ ആവിഷ്‌കരിക്കുന്നതോടെ വരും മാസങ്ങളില്‍ മാറ്റം കണ്ടു തുടങ്ങുമെന്നും മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു.
അഞ്ചുവര്‍ഷത്തിലേറെ പാര്‍ട്ടി പദവികള്‍ വഹിക്കുന്നവരെ ഘട്ടംഘട്ടമായി നീക്കുമെന്നും ഒരു വ്യക്തി, ഒരു പദവി ഫോര്‍മുല നടപ്പാക്കുമെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ പറഞ്ഞു. ഏഴു വര്‍ഷമായി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന രണ്‍ദീപ് സുര്‍ജെവാലെയെ മാറ്റിയത് ഇതിന്റെ തുടക്കമാണ്. കമ്മ്യൂണിക്കേഷന്‍ വിഭാഗം വിപുലീകരിക്കുമെന്നും ഏകോപനം കൂടുതല്‍ മികച്ചതാക്കുന്നതിനായി എല്ലാ സംസ്ഥാന ഘടകങ്ങളെയും ഇതിനുകീഴില്‍ കൊണ്ടുവരുമെന്നും പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. ഗവേഷണം, ഡേറ്റ അനലറ്റിക്സ് യൂണിറ്റുകള്‍ തുടങ്ങും. കാര്യക്ഷമമായ തെരഞ്ഞെടുപ്പ് മാനേജ്മെന്റിനും പൊതുജനാഭിപ്രായങ്ങള്‍ അറിയുന്നതിനുമായി പ്രത്യേക വിഭാഗങ്ങളും തുടങ്ങും.



