പട്ന: മകന്റെ മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രി ജീവനക്കാരന്‍ അമ്പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നു വെളിപ്പെടുത്തി മാതാപിതാക്കള്‍. ബിഹാറിലെ സമസ്തിപുരിലാണ് സംഭവം. െകക്കൂലിപ്പണം സ്വരൂപിക്കാനായി നാട്ടുകാരായ മഹേഷ് താക്കൂറും ഭാര്യയും ഭിക്ഷയ്ക്കിറങ്ങിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഭിക്ഷ തേടുന്ന വൃദ്ധ ദമ്പതികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതിനു പിന്നാലെ സമസ്തിപുര്‍ സദര്‍ ആശുപത്രിയില്‍നിന്ന് രണ്ട് ജീവനക്കാരുടെ അകമ്പടിയില്‍ യുവാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു.
കഴിഞ്ഞ 25 നാണ് മഹേഷിന്റെ മകന്റെ മാനസിക ദൗര്‍ബല്യമുള്ള മകന്‍ സഞ്ജീവിനെ കാണാതായത്. ഇതുസംബന്ധിച്ച് താജ്പുര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം സദര്‍ ആശുപത്രിയില്‍നിന്നും വിളിച്ച് മകന്റെ മൃതദേഹം അവിടെയുണ്ടെന്നും വിട്ടുനല്‍കണമെങ്കില്‍ അമ്പതിനായിരം രൂപയുമായി എത്തണമെന്നും ആവശ്യപ്പെട്ടെന്നു മഹേഷ് താക്കൂര്‍ പറയുന്നു. പരമദരിദ്രരായ തങ്ങള്‍ എവിടെനിന്ന് ഇത്രയും പണം കണ്ടെത്തുമെന്നു അദ്ദേഹം ചോദിക്കുന്നു. ആശുപത്രി ജീവനക്കാരിലധികവും കരാര്‍ ജീവനക്കാരാണ്. ശമ്പളം യഥാസമയം ലഭിക്കാത്തതിനാല്‍ രോഗികളെ പിഴിയുന്ന പതിവ് ഇവിടുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ജില്ലാ മജിസ്ട്രേറ്റ് ഇന്‍ ചാര്‍ജ് വിനയ് കുമാര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. തന്റെ പ്രാഥമിക അന്വേഷണത്തില്‍ ആരോപണം വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്നു ബോധ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു. യുവാവിന്റെ മൃതദേഹം പോലീസിന്റെ സാന്നിധ്യത്തില്‍ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നെന്നും വീഡിയോ ജില്ലാ ഭരണകൂടത്തെ താറടിച്ചു കാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും വിനയ് കുമാര്‍ പറഞ്ഞു.



