പട്യാല: ജയിൽ ശിക്ഷ അനുഭവിക്കുന്ന പഞ്ചാബ് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് സിദ്ദുവിനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച മുതൽ സിദ്ദു ആഹാരം കഴിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ .
34 വർഷം മുമ്പ് റോഡിലുണ്ടായ അടിപിടിയെ തുടർന്ന് ഒരാൾ മരിച്ച കേസിൽ ആണ് സിദ്ദുവിനെ ഒരു വർഷം തടവ് ശിക്ഷയ്ക്ക് സുപ്രീംകോടതി വിധിച്ചത്. ഇരയുടെ കുടുംബം നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് സുപ്രീം കോടതി വിധി വന്നത്. ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, സഞ്ജയ് കിഷൻ കൗൾ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്.
1988 ഡിസംബർ 27നാണ് ആണ് പട്യാലയിൽ കേസിനാസ്പദമായ സംഭവം നടന്നത്. വാഹനം നടുറോഡിൽ പാർക്ക് ചെയ്ത് സിദ്ദുവിനെ മറ്റൊരു വാഹനത്തിൽ വന്ന ഗുര്‍നാം സിംഗ് എന്നയാൾ ചോദ്യം ചെയ്യുകയും തുടർന്ന് അടിപിടി ഉണ്ടാവുകയും ആയിരുന്നു. സംഭവത്തിൽ പരിക്കേറ്റയാൾ മരിച്ചു. ഗുര്‍നാമിന്റെ തലയില്‍ സിദ്ദു അടിച്ചതിനാലാണ് മരണം സംഭവിച്ചത് എന്നായിരുന്നു കേസ്.
1999 പഞ്ചാബ് സെഷൻസ് കോടതി കേസിൽ സിദ്ദുവിനെ തെളിവില്ലാത്തതിനെതുടർന്ന് കുറ്റവിമുക്തനാക്കി. മരിച്ചയാളുടെ ബന്ധുക്കൾ ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ഇരുവിഭാഗത്തെയും വാദം കേട്ട കോടതി ഉത്തരവ് റദ്ദാക്കുകയും, സിദ്ദുവിന് മൂന്നു വർഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. തുടർന്ന് കേസ് സുപ്രീംകോടതിയിൽ എത്തി. 2018 ൽ 1000 രൂപ പിഴ ചുമത്തി കേസ് സുപ്രീം കോടതി തീർപ്പാക്കി. എന്നാൽ ഈ വിധിക്കെതിരെ ഗുർനാം സിംഗിന്റെ കുടുംബം പുനഃപരിശോധന ഹർജി നൽകുകയായിരുന്നു.

