കീവ്: റഷ്യന്‍ യുദ്ധം മുന്നേറുന്നതിനിടെ യുക്രൈനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി. പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയെ കണ്ട് യുക്രൈന് അമേരിക്കയുടെ പൂര്‍ണ പിന്തുണ അവര്‍ അറിയിച്ചു.സ്വാതന്ത്ര്യത്തിനുളള പോരാട്ടത്തിന് നന്ദി. നമ്മള്‍ സ്വാതന്ത്ര്യത്തിന്റെ അതിര്‍ത്തിയിലാണ്. ഈ പോരാട്ടം എല്ലാവര്‍ക്കും വേണ്ടിയാണ്. വിജയം വരെ പോരാട്ടം തുടരണം.- പെലോസി പറഞ്ഞു.യുദ്ധം തുടങ്ങിയ ശേഷം യുക്രൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ ഉന്നത പ്രതിനിധിയാണ് പൊലോസി. െവെസ് പ്രസിഡന്റ് കഴിഞ്ഞാല്‍ യു.എസ്. പ്രസിഡന്‍സിയില്‍ രണ്ടാമത്തെയാള്‍. പോളണ്ടില്‍ ചര്‍ച്ചയ്ക്കു പോയ പെലോസി യു.എസ്. കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിനൊപ്പമാണ് യുക്രൈനില്‍ ഇറങ്ങിയത്.ലോകത്തിനു വ്യക്തമായ സന്ദേശം കൊടുത്താണ് തങ്ങളുടെ യുക്രൈന്‍ സന്ദര്‍ശനമെന്ന് മാധ്യമങ്ങളോട് പെലോസി പറഞ്ഞു. അമേരിക്ക യുക്രൈനൊപ്പം ഉറച്ചുനില്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി. നമ്മള്‍ ജയിക്കും. നമ്മള്‍ ഒന്നിച്ചു ജയിക്കും എന്നാണ് പെലോസിയോടു യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ വാക്കുകള്‍. പെലോസിയും സംഘവും സന്ദര്‍ശനം നടത്തുന്നതിന്റെ വീഡിയോയും സെലന്‍സ്‌കി പങ്കുവച്ചു. പെലോസിക്ക് ഓര്‍ഡര്‍ ഓഫ് പ്രിന്‍സസ് ഓള്‍ഗ പുരസ്‌കാരവും യുക്രൈന്‍ പ്രസിഡന്റ് സമ്മാനിച്ചു.വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന വനിതകള്‍ക്ക് യുക്രൈന്‍ നല്‍കുന്ന പുരസ്‌കാരമാണിത്.




