റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിജെപിയെ തോല്‍പ്പിക്കാന്‍ വേണ്ടത് രണ്ടാം മുന്നണി: പ്രശാന്ത് കിഷോര്‍

May 2, 2022 - 9:49 am

ന്യൂഡല്‍ഹി: ബി.ജെ.പിയെ തോല്‍പിക്കാന്‍ മൂന്നാം മുന്നണിക്കു സാധിക്കില്ലെന്നു തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബി.ജെ.പിയെ തോല്‍പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒന്നിച്ച് രണ്ടാം മുന്നണിയായി ഉയര്‍ന്നുവരികയാണു വേണ്ടതെന്ന് പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെട്ടു. രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു പ്രശാന്ത് ഇക്കാര്യം പറഞ്ഞത്.കോണ്‍ഗ്രസിന്റെ പ്രതാപകാലം എങ്ങനെ വീണ്ടെടുക്കാം എന്നതിനെക്കുറിച്ചായിരുന്നു എന്റെ അവതരണം. അതു കേവലം ഒന്നോ രണ്ടോ തെരഞ്ഞെടുപ്പുകളില്‍ ജയിക്കലല്ല. മറിച്ച് രാജ്യത്തെ കരുത്തുറ്റ രാഷ്ട്രീയ ശക്തിയായി കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതാണ്. മോദിയെ എങ്ങനെ പരാജയപ്പെടുത്തണം എന്നല്ല, മറിച്ച് എങ്ങനെ വിജയിക്കാം എന്നതാണ് അത്. രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ബി.ജെ.പി. അജയ്യരല്ല. കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമായാല്‍ അത് ജനാധിപത്യത്തിനു നല്ലതാണ്” – പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.

”മൂന്നാം മുന്നണിക്കോ, നാലാം മുന്നണിക്കോ തെരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ബി.ജെ.പിയെ ഒന്നാം മുന്നണിയായി കണക്കാക്കുകയാണെങ്കില്‍ അവരെ തോല്‍പിക്കാന്‍ രണ്ടാം മുന്നണി തന്നെ വരണം. ആര്‍ക്കെങ്കിലും ബി.ജെ.പിയെ തോല്‍പിക്കണമെന്നുണ്ടെങ്കില്‍ അവര്‍ രണ്ടാം മുന്നണിയായി മാറണം” അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണെന്നും എന്നാല്‍, അവരെ രണ്ടാം മുന്നണിയായി കണക്കാക്കുന്നില്ലെന്നുമാണു പ്രശാന്ത് കിഷോറിന്റെ നിലപാട്. കോണ്‍ഗ്രസിന്റെ ഭാവിപദ്ധതികളില്‍ യോജിപ്പിലെത്തുകയാണു താനും കോണ്‍ഗ്രസ് നേതൃത്വവും ചെയ്തതെന്ന് പ്രശാന്ത് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞിരുന്നു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാനില്ലെന്ന് പ്രശാന്ത് കിഷോര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *