റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഇന്നത്തെ നിലയില്‍ പോയാല്‍ 2024-25 ല്‍ സംസ്ഥാനത്തിന്റെ പൊതുകടം നാലരലക്ഷം കോടി രൂപയാകുമെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. സില്‍വര്‍ലൈന്‍പോലുള്ള പദ്ധതിക്കുള്ള കടമെടുപ്പും കിഫ്ബിയുടെ വായ്പകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേന്ദ്രത്തിന്റെ അനുമതിയോടെ സംസ്ഥാന സര്‍ക്കാരിന് എടുക്കാന്‍ കഴിയുന്ന വായ്പയുടെ കണക്കുമാത്രമാണ് ഇത്. മറ്റുള്ളവ കൂടി കൂട്ടുമ്പോള്‍ 1.5 ലക്ഷം കോടിയുടെ വര്‍ധനയെങ്കിലും ഇതിലുണ്ടാകും.അതേസമയം, കടത്തിന്റെ തോത് വര്‍ധിക്കുമെങ്കിലും റവന്യൂവരുമാനത്തിലും വര്‍ധനയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാകുന്നത്. ബജറ്റിനൊപ്പം സമര്‍പ്പിച്ച ഇടക്കാല സാമ്പത്തിക നയരേഖയില്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നു.
സംസ്ഥാനം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണ് കടത്തിലും വന്‍വര്‍ധന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ജി.എസ്.ടി വരുമാനം 14% ല്‍ എത്തിച്ച് രണ്ടറ്റം കൂട്ടിമുട്ടിക്കാനാണ് ധനവകുപ്പിന്റെ തിരക്കിട്ട ശ്രമം. എന്നാല്‍, ലഭിക്കുന്ന തുകയുടെ മുക്കാല്‍ ഭാഗവും ശമ്പളത്തിനും പെന്‍ഷനും പലിശയ്ക്കും മാത്രമേ തികയുവെന്നാണ് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നത്. അതിനൊപ്പം കേന്ദ്ര സഹായത്തിലും കുറവുണ്ടാകുന്ന കാലമാണ് വരുന്നത്. ജി.എസ്.ടി നഷ്ടപരിഹാരം നിര്‍ത്തലാക്കുകയാണെങ്കില്‍ ഈ സാമ്പത്തികവര്‍ഷം തന്നെ 17,000 കോടി രൂപയുടെ കുറവ് കേന്ദ്രവിഹിതത്തിലുണ്ടാകുമെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. അതിനിടയിലാണ് വായ്പ വര്‍ധിക്കുന്നുവെന്ന ആശങ്ക.
സംസ്ഥാനത്തിന്റെ പൊതുകടം ഈ സര്‍ക്കാരിന്റെ നാലാം വര്‍ഷമാകുമ്പോള്‍ 4,55,727.77 കോടി രൂപയാകുമെന്നാണ് രേഖ വ്യക്തമാക്കുന്നത്. 2018-19 ല്‍ ഇത് 2,35,631.50 കോടിയായിരുന്നു. 2021-22 സാമ്പത്തികവര്‍ഷത്തില്‍ പ്രതീക്ഷിച്ചിരുന്നത് 2,96,900.85 കോടിയായിരുന്നെങ്കിലും പരിഷ്‌ക്കരിച്ച എസ്റ്റിമേറ്റില്‍ അത് 3,33,592.15 കോടിയായി ഉയര്‍ന്നു. 2022-23 ല്‍ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടം 3,71,692.18 കോടിയെന്നാണ് കണക്കാക്കുന്നത്.
2023-24 ലിത് 4,11,053.11 കോടിയും 2024-25 ല്‍ 4,55,727.77 കോടി രൂപയുമാകും. ഈ കാലയളവില്‍ (202425) കേരളത്തിന്റെ റവന്യുവരുമാനം 1,44,385.05 കോടിയില്‍ നിന്നും 1,60,705. 66 കോടി രൂപയായി ഉയരുമെന്നും നയരേഖ വിലയിരുത്തുന്നു. തനത് നികുതിവരുമാനത്തിലാണ് വലിയ വര്‍ധന പ്രതീക്ഷിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *