ന്യൂഡല്‍ഹി: വെള്ളവും ഭക്ഷണവും ലഭിക്കുന്നില്ലെന്ന് യുക്രൈനില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ വിദ്യാര്‍ഥിനി. യാഷ്വി ഗ്രാഗ് എന്ന വിദ്യാര്‍ഥിനിയാണ് തങ്ങളുടെ പക്കല്‍ രണ്ടോ മൂന്നോ ദിവസത്തേക്കുള്ള ഭക്ഷണസാമഗ്രികളേ ഉള്ളൂ എന്ന് വ്യക്തമാക്കി രംഗത്ത് എത്തിത്. ആരും ഒരു തരത്തിലുള്ള സഹായവും നല്‍കുന്നില്ല എന്നും യാഷ്വി വ്യക്തമാക്കി. റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് യുക്രൈനിലെ വ്യോമമേഖല അടച്ചതോടെ ഇന്ത്യയിലേക്കു മടങ്ങാന്‍ വിമാനത്താവളങ്ങളിലെത്തിയ പല ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും താമസസ്ഥലത്തേക്ക് തിരിച്ചുപോകേണ്ടിവന്നു. യുക്രൈനില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ ഭരണകൂടം ഊര്‍ജിതമാക്കിയ പിന്നാലെ സഹായം എത്തുന്നില്ല എന്ന ആരോപണം ഉയര്‍ന്നത്. അതേസമയം കീവിലെ ഇന്ത്യന്‍ എംബസി യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായം എത്തിക്കാന്‍ എമര്‍ജന്‍സി ഹെല്‍പ്െലെന്‍ തുടങ്ങിയിട്ടുണ്ട്. പ്ലസ് 380 997300428, 380 997300483 എന്നീ നമ്പറുകളിലൂടെ ഹെല്‍പ് െലെനുമായി ബന്ധപ്പെടാം. എവിടെയാണോ ഇപ്പോള്‍ ഉള്ളത് അവിടെ സുരക്ഷിതമായി തുടരാനാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസി ഏറ്റവും ഒടുവില്‍ നല്‍കിയ നിര്‍ദേശം. തലസ്ഥാനമായ കീവിലേക്ക് യാത്രചെയ്യുന്നവര്‍ തങ്ങളുടെ നഗരങ്ങളിലേക്ക് തിരികെ പോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രൈനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

