കാസർകോട്: നഗരസഭയില്‍ തനിച്ച് താമസിക്കുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് സുരക്ഷിത പാര്‍പ്പിടമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഷെല്‍ട്ടര്‍ ഹോം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് കാഞ്ഞങ്ങാട് നഗരസഭ. നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. അതിയാമ്പൂര്‍ മേലാംങ്കോട്ട് നഗരസഭ ഭൂമിയില്‍ 3.11 കോടി രൂപ ചെലവഴിച്ചാണ് ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നത്. 2.66 കോടി രൂപ കേന്ദ്ര സംസ്ഥാന ഫണ്ടും 45 ലക്ഷം രൂപ നഗരസഭ വിഹിതവുമാണ്. 10,213 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് നിലകളിലായി നിര്‍മ്മിക്കുന്ന ഫ്‌ളാറ്റ് ഒന്നര വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര സംസ്ഥാന വിഹിതത്തില്‍ 1.15 ലക്ഷം രൂപയുടെ ധനസഹായം നഗരസഭയ്ക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള സാങ്കേതിക സഹായം എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജാണ് ചെയ്യുന്നത്. എല്‍ബിഎസ് കോളേജുമായി ഇതുമായി ബന്ധപ്പെട്ട കരാര്‍ ഉടമ്പടി വെക്കാന്‍ ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത, നഗരസഭ സെക്രട്ടറി റോയി മാത്യു, മിഷന്‍ കോഡിനേറ്റര്‍ ബൈജു എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: മൊഹമ്മദ് ഷേകൂര്‍.ടി, അസിസ്റ്റന്റ് പ്രഫസര്‍ ജയകുമാര്‍, അരുണ്‍ എന്‍ ആര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.



