റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ ഫുട്ബോള്‍ താരം സുര്‍ജിത് സെന്‍ഗുപ്ത അന്തരിച്ചു

February 18, 2022 - 10:53 am

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോള്‍ താരമായിരുന്ന സുര്‍ജിത് സെന്‍ഗുപ്ത (71) അന്തരിച്ചു. കോവിഡ്-19 വൈറസ് ബാധിച്ച അദ്ദേഹം കൊല്‍ക്കത്തയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഈസ്റ്റ് ബംഗാളിന്റെ ഇതിഹാസ താരമാണു സുര്‍ജിത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണു സുര്‍ജിതിന്റെ മരണ വിവരം പുറത്തുവിടുന്നത്. താരത്തിന്റെ നിര്യാണത്തില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അനുശോചിച്ചു.

ജനുവരി 23 നാണു സുര്‍ജിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞയാഴ്ച വെന്റിലേറ്ററിലാക്കി.കഴിഞ്ഞ മാസമാണ് ഇന്ത്യയുടെയും ഈസ്റ്റ് ബംഗാളിന്റെയും താരമായിരുന്ന സുഭാഷ് ഭൗമിക് അന്തരിച്ചത്. 1974 ജൂലൈ 24 ന് തായ്ലന്‍ഡിനെതിരേ കുലാലംപുരില്‍ നടന്ന മെര്‍ദെക കപ്പില്‍ കളിച്ചാണ് ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. ഇന്ത്യക്കു വേണ്ടി 14 മത്സരങ്ങള്‍ കളിച്ചു. 1974,78 ഏഷ്യന്‍ ഗെയിംസുകളിലും 1977 ലെ പ്രസിഡന്റ്സ് കപ്പിലും യു.എ.ഇ., ബഹ്റൈന്‍ (1979) ടീമുകള്‍ക്കെതിരേ നടന്ന രാജ്യാന്തര സൗഹൃദ മത്സരങ്ങളിലും ഇന്ത്യക്കു വേണ്ടി ബൂട്ടണിഞ്ഞു. 1978 ലെ ഏഷ്യന്‍ ഗെയിംസില്‍ കുവൈറ്റിനെതിരേ നടന്ന മത്സരത്തില്‍ ഒരു ഗോളടിച്ചു. തുടര്‍ച്ചയായി ആറു തവണ കല്‍ക്കട്ട ഫുട്ബോള്‍ ലീഗ് കിരീടം നേടിയ ഈസ്റ്റ് ബംഗാള്‍ ടീമിന്റെ നെടുംതൂണായിരുന്നു മധ്യനിരക്കാരനായ സുര്‍ജിത്. ഈസ്റ്റ് ബംഗാളിന് ആറു തവണ ഐ.എഫ്.എ. ഷീല്‍ഡും ഡുറാന്‍ഡ് കപ്പ് മൂന്നു വട്ടവും നേടിക്കൊടുത്തു.

1951 ഓഗസ്റ്റ് 30 നു ഹൂബ്ലി ജില്ലയിലെ ചക്ബാസാറില്‍ ജനിച്ച സുര്‍ജിത് കിദെര്‍പോറെ ബിനു വേണ്ടിയാണു കളിച്ചു തുടങ്ങിയത്.ഹൂബ്ലി ബ്രാഞ്ച് സ്‌കൂളില്‍ പന്തു തട്ടിയിരുന്ന കുഞ്ഞ് സുര്‍ജിതിലെ താരത്തെ കണ്ടെത്തിയത് അശ്വിനി ബാരാതാണ്. അശ്വിനിയുടെ പ്രേരണയില്‍ കിദെര്‍പോറെയിലെത്തി. പ്രസൂന്‍ ബാനര്‍ജി, ശ്യാംലാല്‍ ഘോഷ്, ഗൗതം സര്‍ക്കാര്‍, രഞ്ജിത് മുഖര്‍ജി തുടങ്ങിയ താരങ്ങള്‍ സമകാലികരായിരുന്നു. ശൈലേന്‍ മന്ന കോച്ചായിരിക്കേ രണ്ടു സീസണ്‍ മോഹന്‍ ബഗാനു (1972 മുതല്‍ 76 വരെ) വേണ്ടി കളിച്ച ശേഷം ഈസ്റ്റ് ബംഗാളിലെത്തി. 1978 ല്‍ നായകനായ ശേഷം തുടര്‍ച്ചയായി ആറ് സീസണ്‍ അവിടെ കളിച്ചു. 1980 ല്‍ മുഹമ്മദന്‍ സ്പോര്‍ട്ടിങിനു വേണ്ടിയും കളിച്ചു. 1975, 1976, 1977, 1978 സീസണുകളില്‍ ബംഗാളിനു വേണ്ടി സന്തോഷ് ട്രോഫിയില്‍ കളിച്ചു. 26 ഗോളുകളുമടിച്ചു. കളിക്കളത്തോടു വിട പറഞ്ഞ ശേഷം ആജ്കല്‍ ദിനപത്രത്തില്‍ പത്രാധിപ സമിതി അംഗമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *