ന്യൂഡല്‍ഹി: യുക്രൈന്‍-റഷ്യന്‍ യുദ്ധഭീതിക്കിടെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്നു കേന്ദ്രം വ്യക്തമാക്കി.
യുക്രൈനില്‍ തുടരേണ്ടത് ആവശ്യമില്ലാത്ത, പ്രത്യേകിച്ച് വിദ്യാര്‍ഥികളായ ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണമെന്ന് കീവിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നാട്ടിലേക്കു മടങ്ങാന്‍ പലരും തയാറായെങ്കിലും വിമാന ടിക്കറ്റുകള്‍ ലഭിക്കാത്തത് ആശങ്കയുണ്ടാക്കി.
ഇതേത്തുടര്‍ന്നാണ് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ പദ്ധതിയൊരുക്കുന്നുണ്ടെന്ന് കീവിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തത്. വിമാന ടിക്കറ്റ് ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രശ്നം അടിയന്തരമായി പരിഹരിക്കുമെന്നും യുക്രൈനിലെ ഇന്ത്യക്കാര്‍ പരിഭ്രാന്തരാകേണ്ടെന്നും എംബസിയുടെ ട്വീറ്റിലുണ്ട്. എന്നാല്‍, എപ്പോള്‍ മുതല്‍ അധിക വിമാന സര്‍വീസുകള്‍ നടത്തുമെന്ന കാര്യം എംബസി വ്യക്തമാക്കിയിട്ടില്ല.
ഇക്കാര്യത്തില്‍ സ്ഥിരീകരണമായശേഷം കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാമെന്നാണ് എംബസി അറിയിച്ചിരിക്കുന്നത്.നിലവില്‍ യുക്രൈന്‍ ഇന്റര്‍നാഷണല്‍ എയർലൈൻസ്, എയര്‍ അറേബ്യ, ഫ്ലൈ ദുബായ്, ഖത്തര്‍ എയര്‍വേസ് എന്നീ കമ്പനികളാണ് യുക്രൈനില്‍നിന്നും വിമാനസര്‍വീസുകള്‍ നടത്തുന്നത്.

