നെതന്യാഹുവിന്റെ മകന്റെയടക്കം ഫോണ്‍ ചോര്‍ത്തി: ഇസ്രയേലിലും പെഗാസസ് വിവാദം

ജറുസലേം: ഇസ്രയേലിലും പെഗാസസ് വിവാദം കത്തിപ്പടരുന്നു. രാജ്യത്തെ പ്രമുഖ വ്യക്തികളുടെ ഫോണുകള്‍ അനധികൃതമായി ചോര്‍ത്താന്‍ പോലീസ് പെഗാസസ് ചാരസോഫ്റ്റ്വെയര്‍ ഉപയോഗിച്ചെന്ന ആരോപണം അതീവ ഗൗരവമുള്ളതാണെന്നും കര്‍ശന നടപടി എടുക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് വ്യക്തമാക്കി.മുന്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ മകന്‍, സാമൂഹിക പ്രവര്‍ത്തകര്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യവസായികള്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തിയതായി ഒരു ദിനപ്പത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.ആരോപിക്കപ്പെടുന്നതായ സംഭവം അതീവ ഗൗരവമുള്ളതാണെന്നു പറഞ്ഞ ബെന്നറ്റ്, പെഗാസസിനെ പ്രശംസിക്കാനും മറന്നില്ല.

” ഭീകരതയ്ക്കും കടുത്ത കുറ്റകൃത്യങ്ങള്‍ക്കുമെതിരായ പോരാട്ടത്തിലെ സുപ്രധാന ആയുധമാണ് പെഗാസസ്. എന്നാല്‍, ഇസ്രയേലിലെ പൊതുജനങ്ങളെയോ ഉദ്യോഗസ്ഥരെയോ ലക്ഷ്യമിടാനുള്ളതല്ല അത്. എന്താണു സംഭവിച്ചതെന്നു കൃത്യമായി മനസിലാക്കേണ്ടതുണ്ട്.”-ബെന്നറ്റ് പറഞ്ഞു.ഇസ്രയേല്‍ കമ്പനിയായ എന്‍.എസ്.ഒ. നിര്‍മിച്ച ചാര സോഫ്റ്റ്വെയറാണ് പെഗാസസ്. ഇന്ത്യയടക്കം പല രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ ആക്ടിവിസ്റ്റുകളുടെയും മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും മറ്റും ഫോണുകള്‍ ചോര്‍ത്താന്‍ ഇതുപയോഗിച്ചെന്ന ആരോപണം നിലനില്‍ക്കുകയാണ്. മോശം മനുഷ്യാവകാശ ചരിത്രമുള്ള രാജ്യങ്ങളിലേക്ക് സാങ്കേതികവിദ്യ കയറ്റുമതി ചെയ്യാന്‍ അനുവദിച്ചതിന്റെ പേരില്‍ ഇസ്രയേലും വിമര്‍ശനം നേരിടുകയാണ്.

Share
അഭിപ്രായം എഴുതാം