ന്യൂഡല്‍ഹി: പാര്‍ലിമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 ന് ആരംഭിക്കും. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ ആദ്യ ദിനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യും. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ലോക്സഭയില്‍വെക്കും. രണ്ടാം ദിനമായ നാളെ 2022- 23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ധന മന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും. ഇക്കുറിയും സമ്പൂര്‍ണ ഡിജിറ്റല്‍ ബജറ്റാണ് പുറത്തിറക്കുക.
കൊവിഡ് വ്യാപന സാഹചര്യത്തില്‍ സാമ്പത്തിക ഉത്തേജന നടപടികള്‍ ഉള്‍പ്പെടെ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിക്കും ഭക്ഷ്യ സബ്സിഡിക്കും മതിയായ തുക വകയിരുത്തുമെന്നാണ് കരുതുന്നത്. ഓട്ടോമൊബൈല്‍ മേഖലക്കും ചെറുകിട വ്യവസായ മേഖലക്കും കാര്യമായ പദ്ധതികളുണ്ടായേക്കും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള പൊടിക്കൈകളുമുണ്ടാകും. കഴിഞ്ഞ തവണ പ്രഖ്യാപിച്ച പദ്ധതികളുടെ തുടര്‍ച്ചയാകും ബജറ്റെന്നാണ് വിലയിരുത്തല്‍.



