റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: വ്യവസായ യന്ത്ര പ്രദര്‍ശന മേള മെഷിനറി എക്‌സ്‌പോ-2022 ജനുവരി 24 മുതല്‍ 27 വരെ

January 22, 2022 - 5:27 pm

 എറണാകുളം: കേരള സര്‍ക്കാരിന്റെ വ്യവസായ യന്ത്ര പ്രദര്‍ശന മേള ‘മെഷിനറി എക്‌സ്‌പോ – 2022’ ജനുവരി 24 മുതല്‍ 27 വരെ എറണാകുളം കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും. 24 ന് രാവിലെ 9 ന് മന്ത്രി പി.രാജീവ് മേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. 

വിവിധ മേഖലകളിലെ നൂതന സാങ്കേതിക വിദ്യയും യന്ത്രങ്ങളും സംരംഭകര്‍ക്ക് ഗുണകരമാകുംവിധം അവതരിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം. കാര്‍ഷിക ഭക്ഷ്യസംസ്‌കരണം, ജനറല്‍ എഞ്ചിനിയറിംഗ്, ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളിലെ നൂതന യന്ത്ര സാമഗ്രികളാണു മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മെഷിനറികളും സാങ്കേതിക സ്ഥാപനങ്ങളും അടക്കം 140 സ്റ്റാളുകളാണു മേളയില്‍ ഒരുക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ പഞ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും എക്‌സ്‌പോ നടക്കുക. എക്‌സിബിറ്റേഴ്‌സ് ആയി മേളയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും 48 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരെ മാത്രമേ മേള സന്ദര്‍ശിക്കുവാന്‍ അനുവദിക്കൂ. കൂടാതെ ശരീര ഊഷ്മാവ് പരിശോധിച്ച് സാനിറ്റൈസേഷന്‍ ഉറപ്പുവരുത്തിക്കൊണ്ട് മാത്രം മേളയിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള സാങ്കേതിക ക്രമീകരണങ്ങള്‍ പ്രവേശന കവാടത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. 

സന്ദര്‍ശകര്‍ക്കു മേള സന്ദര്‍ശിക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് http://machineryexpokerala.in/visitor register എന്ന ലിങ്ക് വഴി സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ ഹെല്‍പ്പ് ഡെസ്‌ക് സൗകര്യവും മേളയില്‍ ഒരുക്കും. 38,050 സ്‌ക്വയര്‍ ഫീറ്റ് പവലിയനില്‍ സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിച്ചാണ് പരിപാടി. 

ഈ പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തിലെ സംരംഭകര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നത് ലക്ഷ്യംവച്ച്, പരമാവധി ജനങ്ങള്‍ക്ക് മേള ഉപകാരപ്രദമാക്കുന്നതിനായി വ്യവസായ വകുപ്പിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ മേളയില്‍ പങ്കെടുക്കുന്ന സ്റ്റാളുകളുടെ വിശദവിവരങ്ങളും യന്ത്രങ്ങളുടെ പ്രവര്‍ത്തനവും അടങ്ങുന്ന വീഡിയോകള്‍ വ്യവസായ വകുപ്പിന്റെ ഓണ്‍ലൈന്‍ സംവിധാനങ്ങളായി യുട്യൂബ് ചാനല്‍, ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവയില്‍ ലഭ്യമാക്കും. 

2022 വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കുന്നതിനുള്ള വലിയൊരു കാല്‍വെയ്പ്പ് സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചിട്ടുള്ള സാഹചര്യത്തില്‍ സൂക്ഷ്മ ചെറുകിട സംരംഭകര്‍ക്ക് പ്രയോജനകരമാണ് എക്‌സ്‌പോ. 

ഉദ്ഘാടന യോഗത്തില്‍ ഹൈബി ഈഡന്‍ എം.പി, മേയര്‍ എം. അനില്‍കുമാര്‍, ടി.ജെ വിനോദ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *