റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓഹരി നിര്‍ദേശകര്‍ രജിസ്റ്റര്‍ ചെയ്യണം: സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ക്കെതിരേ കര്‍ശന നടപടിയെന്നും സെബി

January 19, 2022 - 10:09 am

ന്യൂഡല്‍ഹി: ഇനിമുതല്‍ നിക്ഷേപത്തിന് ഓഹരികള്‍ നിര്‍ദേശിക്കുവാന്‍ സെബിയില്‍ രജിസ്റ്റര്‍ ചെയ്ത ഏജന്റുമാര്‍ക്ക് മാത്രമാണ് അധികാരമുണ്ടാകുകയെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി).സോഷ്യല്‍ മീഡിയ വഴി ഓഹരി നിര്‍ദേശങ്ങളും, ടിപ്പുകളും കൊടുക്കുന്ന കൂട്ടായ്മകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. പെന്നി സ്റ്റോക്കുകള്‍, സ്മോള്‍ ക്യാപ് സ്റ്റോക്കുകള്‍ തുടങ്ങി ദിവസ വ്യാപാരത്തിനുള്ള നിര്‍ദേശങ്ങളാണ് ടെലിഗ്രാം, വാട്സ് ആപ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നത്.

ഓഹരി വാങ്ങുന്നതു സംബന്ധിച്ച പൊതുവായ നിര്‍ദേശങ്ങള്‍ പത്രങ്ങള്‍, ടി.വി പോലുള്ള എല്ലാവര്‍ക്കും കാണാവുന്ന തുറന്ന മാധ്യമങ്ങളില്‍ നല്‍കാമെന്നും എന്നാല്‍ ക്ലോസ്ഡ് ഗ്രൂപ്പുകളില്‍ ഇത്തരം നിക്ഷേപക നിര്‍ദേശങ്ങള്‍ നല്‍കാന്‍ പാടില്ലെന്നും സെബി നിര്‍ദേശിച്ചു.

നിരവധി നിക്ഷേപകരെ നഷ്ടത്തില്‍ ചാടിച്ചതിനു പിന്നില്‍ ഇത്തരം ടിപ്സ്റ്റേഴ്സിനു ബന്ധമുണ്ടെന്നു സെബി കണ്ടെത്തിയിരുന്നു. പിന്നാലെ 2021 ഡിസംബറില്‍ ഗുജറാത്തിലെ പല ഭാഗങ്ങളിലും സെബിയുടെ നേതൃത്വത്തില്‍ ഇത്തരം ഗ്രൂപ്പുകളെ പിടിക്കുന്നതിനു റെയ്ഡും നടത്തിയിരുന്നു. പല വ്യക്തികളെയും പ്രത്യേകം പേരെടുത്തു വിമര്‍ശിച്ച സെബി ഇത്തരക്കാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുന്നതു മൂലം പല ഓഹരികളിലും പൊടുന്നനെ വില വര്‍ദ്ധനവ് ഉണ്ടാവുകയും, ഭീമമായ രീതിയില്‍ വാങ്ങുന്നവരുടെയും, വില്‍ക്കുന്നവരുടെയും എണ്ണം വര്‍ധിക്കുകയും ചെയ്യുന്നതായും ഇതുമൂലം ചില വ്യക്തികള്‍ അനിയത്രിതമായ രീതിയില്‍ ലാഭമുണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം സെബിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരു വ്യക്തിക്ക് ഇനിമുതല്‍ നിക്ഷേപക ഉപദേശകനായി പ്രവര്‍ത്തിക്കാനുള്ള അനുമതിയും പിന്‍വലിച്ചിട്ടുണ്ട്. ഇത്തരം ഗ്രൂപ്പുകള്‍ക്കെതിരേയും വ്യക്തികള്‍ക്കെതിരേയും കര്‍ശന നടപടിയുണ്ടാകുമെന്നും സെബി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *