റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർകോട്: ഹരിത പാതയില്‍ അഞ്ച് അഭിമാന വര്‍ഷങ്ങള്‍; ഹരിത കേരളം മിഷന്‍ വാര്‍ഷികാഘോഷം

December 8, 2021 - 7:42 pm

കാസർകോട്: ഹരിത കേരളം മിഷന്റെ അഞ്ചാം വാര്‍ഷികാഘോഷം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് മുഖ്യ പ്രഭാഷണം നടത്തി. എം.രാജഗോപാലന്‍ എം.എല്‍.എ മുഖ്യാതിഥിയായി. ഹരിതകേരള മിഷന്‍ തയ്യാറാക്കിയ ‘പടവുകള്‍ അടയാളങ്ങള്‍’ എന്ന പ്രവര്‍ത്തന രേഖ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ.പി വത്സലന് നല്‍കി പ്രകാശനം ചെയ്തു. നീലേശ്വരം നഗരസഭ അധ്യക്ഷ ടി.വി ശാന്ത, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസര്‍ നിനോജ്, ഹൊസ്ദുര്‍ഗ് ജില്ലാ ജയില്‍ സൂപ്രണ്ട് കെ. വേണു, കാസര്‍കോട് നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ ഖാലീദ് പച്ചക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എം.പി സുബ്രഹ്‌മണ്യന്‍ സ്വാഗതം പറഞ്ഞു.

ചടങ്ങില്‍ അഞ്ച് വര്‍ഷക്കാലയളവില്‍ ഹരിതകേരള മിഷന്റെ വിവിധ പദ്ധതികള്‍ മികച്ച രീതിയില്‍ നടത്തി സംസ്ഥാന തലത്തില്‍ ശ്രദ്ധനേടുകയും ചെയ്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഹരിതകേരള മിഷന്റെ ജില്ലാതല പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കും എം.രാജഗോപാലന്‍ എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

മികവിന്റെ അഞ്ച് വര്‍ഷങ്ങള്‍

വെള്ളം വൃത്തി വിളവ് എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നവകേരളം കര്‍മ്മ പദ്ധതിയില്‍ സംസ്ഥാനത്താകമാനം നടപ്പിലാക്കിയ ഹരിത കേരളം മിഷന്‍ പദ്ധതി അഭിമാനകരമായ അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ്. പാരിസ്ഥിതിക ബോധം ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള ജനകീയ ഇടപെടലുകളാണ് ശുചിത്വ മാലിന്യ സംസ്‌കരണം, കൃഷി, ജലസംരക്ഷണം എന്നീ ഉപമിഷനുകളിലൂടെ 2016 മുതല്‍ ഹരിത കേരളം മിഷന്‍ നടത്തിയിട്ടുള്ളത്.  ജനശ്രദ്ധ പിടിച്ച് പറ്റുന്ന ഒട്ടനവധി തനത് പദ്ധതികള്‍ ജില്ലയില്‍ നടപ്പാക്കിയത് ശ്രദ്ധേയമാണ്. പെന്‍ഫ്രെണ്ട്, കുപ്പി, ഹരിതസ്പര്‍ശത്തിന് ഞാനും എന്റെ വിദ്യാലയവും, ടീച്ചറും കുട്ട്യോളും തുടങ്ങിയ ജനകീയ പദ്ധതികള്‍ വലിയ മാറ്റങ്ങളാണ് സമൂഹത്തിലുണ്ടാക്കിയത്. കൂടാതെ തരിശുരഹിത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 ഗ്രാമപഞ്ചായത്തുകളെയും രണ്ട്  നഗരസഭകളെയും തരിശു രഹിതമായി പ്രഖ്യാപിക്കാനും 41 തദ്ദേശഭരണ സ്ഥാപനങ്ങളിലും എം.സി.എഫ് സ്ഥാപിക്കാനും ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയിലൂടെ 406.25 കിലോമീറ്റര്‍ നീര്‍ച്ചാല്‍ ശുചീകരിക്കാനും മിഷന് സാധിച്ചിട്ടുണ്ട്. മിഷന്റെ അഭിമാന പദ്ധതിയായ പച്ചത്തുരുത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റവും കൂടുതല്‍ പച്ചത്തുരുത്തുകള്‍ നിര്‍മ്മിച്ച ജില്ലയും കാസര്‍കോടാണ്.

വരും നാളുകളില്‍ വ്യത്യസ്തവും വലിയ മാറ്റങ്ങള്‍ ലക്ഷ്യം വെച്ചുമുള്ള പദ്ധതികളാണ് ഹരിതകേരള മിഷന്‍ മുന്നോട്ട് വെക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പച്ചക്കറി, ധാന്യ മേഖലകളില്‍ സ്വയം പര്യാപതതയിലേക്കെത്തിക്കുന്ന ഹരിത സമൃദ്ധം പദ്ധതി, നെല്‍കൃഷി വിസ്തൃതി വ്യാപനവും വിള വ്യാപനവും ലക്ഷ്യം വെച്ച് വല്ലം നിറ, പാരമ്പര്യ നീര്‍ച്ചാലുകളുടെ (പള്ളം, സുരങ്കം) സംരക്ഷണത്തിനായി നീരുറവ പദ്ധതി, തനത് ഫലവൃക്ഷങ്ങളുടെ സംരക്ഷണവും വ്യാപനവും ലക്ഷ്യം വെക്കുന്ന കലവറ, കാലാവസ്ഥാ വ്യതിയാനം മറികടക്കാന്‍ പോളിഹൗസ് പച്ചക്കറി കൃഷി, പ്രകൃതി സൗഹൃദ നിര്‍മ്മാണങ്ങളും വീട്ടുമുറ്റങ്ങളും ലക്ഷ്യം വെക്കുന്ന ഹരിത ഭവനം പദ്ധതി, കാര്‍ബണ്‍ രഹിത മീനങ്ങാടി- തദ്ദേശ ഭരണ പ്രതിനിധികള്‍ക്കുള്ള പങ്കാളിത്ത പഠനവും പ്രാദേശിക കര്‍മ്മ പദ്ധതിരൂപീകരണവും തുടങ്ങി വിവിധങ്ങളായ പദ്ധതികളാണ് മിഷന്‍ ലക്ഷ്യമിടുന്നത്. പതിനാലാം പഞ്ചവത്സര പദ്ധതി ഹരിത പദ്ധതിയായി പ്രഖ്യാപിക്കാനും  മിഷന്‍ ലക്ഷ്യമിടുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *