പുനലൂര്‍ : കല്ലടയാറ്റില്‍ കുളിക്കുന്നതിനിടയില്‍ നവവരനും ഭാര്യാ സഹോദരനും ദാരുണാന്ത്യം. ബന്ധുക്കളായ 11 അംഗ സംഘം തമിഴ്‌നാട് ഏര്‍വാടി പളളിയില്‍ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് സംഭവം. കരുനാഗപ്പളളി കെ.എസ്പുരം പുന്നക്കുളത്ത് പുത്തന്‍വീട്ടില്‍ കിഴക്കതില്‍ അല്‍ത്താഫ്(23), സഹോദരീ ഭര്‍ത്താവ് കരുനാഗപ്പളളി തടിക്കാട് പുത്തന്‍ പുരക്കല്‍ വീട്ടില്‍ അന്‍സല്‍(26) എന്നിവരാണ് മരിച്ചത്. അന്‍സലും അല്‍ത്താഫും മാത്രമാണ് കുളിക്കാനിറങ്ങിയത്.
2021 നവംബര്‍ 8ന് രാവിലെ 8.45ന് തെന്മല പരപ്പാര്‍ അണക്കെട്ടിന് പടിഞ്ഞാറ് ഭാഗത്തെ കൊച്ചുപാലത്തിന് സമീപത്തെ കടവിലായിരുന്നു അപകടം .അടിയൊഴുക്കില്‍ പെട്ട് ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് കുടുംബാംഗങ്ങള്‍ നിലവിളിച്ചതോടെ സമീപ വാസികളും തുടര്‍ന്ന് തെന്മല പോലീസും രക്ഷാ പ്രവര്‍ത്തനം നടത്തി കരക്കെത്തിച്ച് ആശുപത്രയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം .
അല്‍ത്താഫിന്റെ സഹോദരി അല്‍ഫിയയെ കഴിഞ്ഞമാസം 18നാണ് അന്‍സല്‍ വിവാഹം കഴിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന അന്‍സര്‍ അടുത്ത ആഴ്‌ച മടങ്ങാനിരിക്കെയാണ് ദുരന്തം. നവംബര്‍ 5ന് വെളളിയാഴ്‌ചയാണ് രണ്ടുകാറുകളിലായി കുടുംബാംഗങ്ങള്‍ തീര്‍ത്ഥാടനത്തിന് പോയത്.
പോസ്‌റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. അല്‍ത്താഫിന്റെ പിതാവ്: അന്‍സര്‍,മാതാവ്: ജഫിയ. സഹോദരങ്ങള്‍: അല്‍ഫിയ,ആഫിയ, അന്‍സലിന്റെ പിതാവ്: ഹമീദ്‌കുട്ടി.മാതാവ്: സജീല



