മുംബൈ: ആര്യനെ രക്ഷിക്കാനായി ഷാരൂഖ് ഖാനില്‍ നിന്ന് വാങ്കഡെ അടക്കമുള്ളവര്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് 25 കോടി രൂപയുടെ അഴിമതി ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് നടപടി. എന്‍.സി.ബി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലും ചീഫ് വിജിലന്‍സ് ഓഫീസറുമായ ഗ്യാനേശ്വര്‍ സിങ്ങിനാണ് അന്വേഷണച്ചുമതല. വാങ്കഡെയെ ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തുമോയെന്ന ചോദ്യത്തിന്, ഈ ഘട്ടത്തില്‍ പ്രതികരിക്കാനാകില്ലെന്നും അന്വേഷണം ആരംഭിച്ചതേയുള്ളൂവെന്നുമായിരുന്നു ഗ്യാനേശ്വര്‍ സിങ്ങിന്റെ മറുപടി. ഷാരൂഖ് ഖാനില്‍നിന്ന് പണം തട്ടാനുള്ള തന്ത്രമാണ് ആര്യന്റെ അറസ്റ്റെന്നും ഇതില്‍ സമീര്‍ വാങ്കഡെയ്ക്കു പങ്കുണ്ടെന്നുമാണ് കേസിലെ സ്വതന്ത്ര സാക്ഷി പ്രഭാകര്‍ സെയില്‍ ആരോപിച്ചത്. ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് മുംബൈയിലെ ഉദ്യോഗസ്ഥര്‍ എന്‍.സി.ബി. ഡയറക്ടര്‍ ജനറലിനു െകെമാറിയിരുന്നു. ഇതിനു പിന്നാലെയാണ് വാങ്കഡെയ്ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. അവലോകനയോഗത്തിനായി സമീര്‍ വാങ്കഡെ ഇന്ന് ഡല്‍ഹിയിലെ എന്‍.സി.ബി. ആസ്ഥാനത്തെത്തും.



