റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാവേര്‍ സ്ഫോടനങ്ങള്‍: അഫ്ഗാന്‍ രക്ഷാദൗത്യം നിര്‍ത്തി ലോകരാഷ്ട്രങ്ങള്‍

August 28, 2021 - 10:41 am

കാബൂള്‍: അഫ്ഗാനില്‍നിന്നുള്ള ഒഴിപ്പിക്കല്‍ നിര്‍ത്തി ലോകരാഷ്ട്രങ്ങള്‍. ഒഴിപ്പിക്കല്‍ അവസാനിപ്പിക്കുകയാണെന്ന് സ്വീഡന്‍, ഫ്രാന്‍സ്, സ്പെയിന്‍, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അറിയിച്ചു. കാബൂളില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തുന്നതായി കാനഡയും ഓസ്ട്രേലിയയും നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഹമീദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തിനു സമീപമുണ്ടായ ചാവേര്‍ സ്ഫോടനങ്ങള്‍ക്കു പിന്നാലെയാണ് രാജ്യങ്ങള്‍ ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തിനു ചുറ്റും തടിച്ചുകൂടിയ നൂറുകണക്കിന് അഫ്ഗാന്‍ പൗരന്‍മാരെ ഒഴിപ്പിക്കാന്‍ സന്നദ്ധമാണെങ്കിലും നടപടികള്‍ നിര്‍ത്തുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. തങ്ങളുടെ എംബസിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചവരെ ഉള്‍പ്പെടെ ഒഴിപ്പിച്ചതോടെ ദൗത്യം നിര്‍ത്തുന്നതായി സ്പെയിനും വ്യക്തമാക്കി.1,100ലേറെപ്പേരെ ഒഴിപ്പിച്ചശേഷമാണ് സ്വീഡന്‍ രക്ഷാദൗത്യം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. എംബസി ഉദ്യോഗസ്ഥളും കുടുംബാംഗങ്ങളും പ്രാദേശികമായി നിയമിച്ച സുരക്ഷാ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും സുരക്ഷാ ജോലിക്കായി നിയോഗിക്കപ്പെട്ടിരുന്ന സൈനികര്‍ അഞ്ഞൂറോളം സ്വീഡിഷ് പൗരന്‍മാര്‍ തുടങ്ങിയവരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയതതെന്ന് സ്വീഡിഷ് വിദേശകാര്യമന്ത്രി ആന്‍ ലിന്‍ഡെ പറഞ്ഞു. ഇതിനുപുറമേ വനിതാവകാശ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെയും രക്ഷപ്പെടുത്തി. സ്വീഡന്റെ പട്ടികയിലുള്ള എല്ലാവരെയും ഒഴിപ്പിക്കാനായില്ലെന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ദൗത്യം നിര്‍ത്തുകയാണെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *